ഗുജറാത്തിൽ നിർണായക നീക്കവുമായി ബിജെപി; മുഖ്യമന്ത്രിയൊഴികെ 16 മന്ത്രിമാരും രാജിവെച്ചു
ഗുജറാത്തിൽ മുഖ്യമന്ത്രി ഭൂപേഷ് പട്ടേൽ ഒഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ മുന്നോടിയായിട്ടാണ് രാജി. മുഖ്യമന്ത്രിയുടെ വസതിയിൽ ഇന്ന് വൈകീട്ടോടെ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനം. യോഗത്തിനുശേഷം, 16 മന്ത്രിമാരും തങ്ങളുടെ രാജിക്കത്തുകൾ മുഖ്യമന്ത്രിക്ക് കൈമാറി. ഈ രാജിക്കത്തുകൾ ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി ഗവർണർ ആചാര്യ ദേവവ്രതിന് കൈമാറും.
ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ വെള്ളിയാഴ്ച രാവിലെ 11:30-ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നാളെ പത്ത് പേർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഗുജറാത്ത് നിയമസഭയിൽ ആകെ 182 അംഗങ്ങളാണുള്ളത്. നിയമസഭാ ചട്ടമനുസരിച്ച് സഭയുടെ ആകെ അംഗബലത്തിൻ്റെ 15 ശതമാനം അതായത് 27 മന്ത്രിമാർ വരെ നിയമസഭയ്ക്ക് ഉൾക്കൊള്ളാനാകും.

ധർമേന്ദ്രസിങ്, ഋഷികേശ് പട്ടേൽ, മുകേഷ് പട്ടേൽ, ഭൂപേന്ദ്രസിങ് ചുഡാസാമ എന്നീ നേതാക്കൾക്ക് പുതിയ മന്ത്രിസഭയിലും ഇടം ലഭിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, കനുഭായ് ദേശായി (ധനകാര്യം), രാഘവ്ജി പട്ടേൽ (കൃഷി), കുന്നർജി ബാവലിയ (ജലവിതരണം), മുരുഭായ് ബേര (ടൂറിസം) എന്നിവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയേക്കാം.
യുവനേതാക്കൾക്കും ഒബിസി-പട്ടേൽ പ്രാതിനിധ്യത്തിനും പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ, സൗരാഷ്ട്ര മേഖലയ്ക്ക് ഗണ്യമായ നേട്ടങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയേഷ് രാദഡിയ, ശങ്കർ ചൗധരി, അർജുൻ മോധ്വാദിയ, ജിതു വഗാനി, രീവ ജഡേജ, അൽപേഷ് താക്കൂർ തുടങ്ങിയവർ പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും.
ആം ആദ്മി പേടിയിൽ ബി ജെ പി
2027 ൽ സംസ്ഥാനം തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനിരിക്കെയാണ് ബി ജെ പിയുടെ സുപ്രധാന നടപടി. യുവ നേതാവ് ഗോപാൽ ഇറ്റാലിയ നയിക്കുന്ന ആം ആദ്മി കൂടുതൽ ശക്തിയാർജിക്കുന്നതാണ് ബി ജെ പിക്ക് തലവേദന തീർക്കുന്നത്. ആം ആദ്മി പാട്ടീദാർ ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുചെല്ലുന്നതാണ് ബിജെപിക്ക് വെല്ലുവിളി തീർക്കുന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ആം ആദ്മിയുടെ നീക്കങ്ങൾ തിരിച്ചടിയാകുമോയെന്ന ഭയം ബി ജെ പിക്കുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബി ജെ പി നിർണായ തീരിമാനം കൈക്കൊണ്ടത്.












Click it and Unblock the Notifications