മേഘാലയയിൽ തനിച്ച് പോരാടാൻ ബിജെപി; 60 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, നാഗാലാന്റിൽ മത്സരം 20 സീറ്റിൽ
ദില്ലി:മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ ബി ജെ പി. 60 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയും പാർട്ടി പുറത്തുവിട്ടു. മറ്റൊരു വടക്ക് കിഴക്കൻ സംസ്ഥാനമായ നാഗാലാന്റിൽ എ ഡി പി പിയുമായി സഖ്യം തുടരും. ഇവിടെ 20 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുക.
സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ടെന്നും ഇക്കുറിയും മോദി പ്രഭാവം ഉയർത്തിയാകും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബിജെപി സെക്രട്ടറിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള റിതുരാജ് സിൻഹ പറഞ്ഞു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അഴിമതി കണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. വികസനവും മന്ദഗതിയിലാണ്. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിയെങ്കിലും അവ കുറച്ച് കൂടി മികച്ചതാകണമെന്ന് ജനങ്ങൾ കരുതുന്നുണ്ട്', റിതുരാജ് വ്യക്തമാക്കി. ഇത്തവണ സംസ്ഥാനത്ത് വലിയ വിജയം നേടാൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മേഘാലയ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ
നാഷണൽ പീപ്പിൾസ് പാർട്ടി (എൻ പി പി) നയിക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ ഭാഗമായിരുന്നു ബി ജെ പി. 2018 ൽ കോൺഗ്രസ് അധികാരത്തിലേറുന്നത് തടയാൻ 20 സീറ്റുകൾ ഉള്ള നാഷ്ണൽസ് പീപ്പിൾസ് പാർട്ടിയുമായി ബി ജെ പി കൈകോർക്കുകായിരുന്നു. ബി ജെ പിയെ കൂടാതെ യു ഡി പി , പി ഡി എഫ്, എച്ച് എസ് ഡി പി എന്നീ പാർട്ടികളായിരുന്നു എൻ പി പി സഖ്യത്തിന്റെ ഭാഗമായത്. എന്നാൽ ബി ജെ പിയുടെ എൻ പി പി ഇടഞ്ഞു. ഇതോടെ ഇക്കുറി 58 സീറ്റുകളിലേക്കും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം കോൺഗ്രസും തങ്ങളുടെ അന്തിമ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 60 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള 55 സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് പാർട്ടി പുറത്തുവിട്ടത്.

തൂക്കുസഭയ്ക്കുള്ള സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്
അതേസമയം ഇത്തവണയും സംസ്ഥാനത്ത് തൂക്കുസഭയ്ക്കുള്ള സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ തങ്ങൾ ഇല്ലാതെ ഒരു പാർട്ടിക്കും അധികാരത്തിലേറാൻ സാധിക്കില്ലെന്നാണ് ബി ജെ പി വെല്ലുവിളിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ രൂപീകരിക്കുന്ന ഹിമന്ദ ബിശ്വ ശർമയാണ് ബി ജെ പി പ്രതീക്ഷ വെയ്ക്കുന്ന ഒരു ഘടകം. വലിയ തിരിച്ചടി നേരിട്ടാലും ഹിമന്ദ ബിശ്വ ശർമ്മയെ കളത്തിലിറക്കി അധികാരം പിടിക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയെ
മാത്രമല്ല കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയെ പിന്തുണയ്ക്കുന്ന പതിവാണ് വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ സ്വീകരിച്ച് പോകുന്ന നയം. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്താൽ ബി ജെ പിയെ പിന്തുണയ്ക്കാൻ പാർട്ടികൾ തയ്യാറാകുമെന്നും ബി ജെ പി കരുതുന്നു. മേഘാലയ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 നാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്. വോട്ടെണ്ണൽ മാർച്ച് 2 ന് നടക്കും.

എൻ ഡി പി പി 40 സീറ്റുകളിലാണ് മത്സരിക്കുക
അതേസമയം നാഗാലാന്റിൽ എൻ ഡി പി പിയുമായി സഖ്യത്തിൽ തന്നെയാണ് ബി ജെ പി മത്സരിക്കുന്നത്. എൻ ഡി പി പി 40 സീറ്റുകളിലാണ് മത്സരിക്കുക. 2018 ൽ 12 സീറ്റുകളായിരുന്നു ബി ജെ പി നാഗാലാന്റിൽ നേടിയത്.












Click it and Unblock the Notifications