യുപിയിൽ സമാജ്വാദി പാർട്ടി ബിജെപിയെ വിറപ്പിക്കുമോ? എബിപി-സി വോട്ടർ സർവ്വേ ഫലം പുറത്ത്
ലഖ്നൗ; ഉത്തർപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പാർട്ടികൾ കടന്ന് കഴിഞ്ഞു. കൊവിഡിനിടയിലും ശക്തമായ പ്രചരണങ്ങളാണ് പാർട്ടികൾ നടത്തുന്നത്. ദേശീയ തലത്തിൽ നിർണായകമാകുന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി അട്ടിമറികൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇപ്പോഴിതാ ഉത്തർപ്രദേശ് ആര് നേടും എന്നത് സംബന്ധിച്ച സർവ്വേ ഫലം പുറത്തുവന്നിരിക്കുകയാണ്. എ ബി പി -സി -വോട്ടർ സർവ്വേ ഫലമാണ് വിജയികളെ കുറിച്ചും വോട്ടു വിഹിതത്തെ കുറിച്ചുമെല്ലാമുള്ള സാധ്യത പ്രവചിക്കുന്നത്.

2017 ൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകളുമായിട്ടായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. ഇക്കുറി അത് 360 ആക്കും എന്നാണ് പാർട്ടിയുടെ അവകാശവാദം. ബി ജെ പിയെ താഴെയിറക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തില്ല. മറിച്ച് സമാജ്വാദി പാർട്ടി നിരവധി പ്രാദേശിക പാർട്ടികളുമായി സഖ്യത്തിലെത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസും മായാവതിയുടെ നേതൃത്വത്തിൽ ബി എസ് പിയും തനിച്ച് മത്സരിക്കുന്നു.

പക്ഷേ ബി ജെ പി തന്നെയാകും ഇത്തവണയും ഉത്തർപ്രദേശ് ഭരണം പിടിക്കുകയെന്നാണ് സി വോട്ടർ-എ ബി സി സർവ്വേ പ്രവചിക്കുന്നത്. ബി ജെ പിക്ക് 41 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നാണ് പ്രവചനം. നേരത്തേ ഡിസംബർ നാലിന് പുറത്തുവിട്ട സർവ്വേ ഫലത്തിലും ഇതേ വോട്ട് വിഹിതമാണ് പ്രവചിച്ചത്. അതേസമയം സകല സന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന സമാജ്വാദി പാർട്ടിക്ക് 34 ശതമാനം വോട്ടുകൾ പ്രവചിക്കപ്പെടുന്നു. ആദ്യ സർവ്വേയേക്കാൾ ഒരു ശതമാനം വോട്ട് മാത്രമാണ് എസ് പി അധികമായി നേടുകയെന്നാണ് പ്രവചനം.

കോൺഗ്രസിന് 7 ശതമാനം വോട്ടുകളും ബി എസ് പിക്ക് 13 ശതമാനം വോട്ടുകളുമാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ന്യൂസ് - ജൻ കി ബാത്ത് സർവ്വേയിലും ബി ജെ പിക്ക് തന്നെയാണ് സാധ്യത പ്രവചിക്കുന്നത്. 233 മുതല്‍ 252 സീറ്റുവരെയാണ് സർവ്വേയിൽ ബി ജെ പിക്ക് പ്രവചിച്ചത്. പൂർവ്വാഞ്ചൽ മേഖലയിലും പടിഞ്ഞാറൻ യു പിയിലുമെല്ലാം ബി ജെ പിക്ക് വൻ വിജയമാണ് സർവ്വേ പ്രവചിച്ചത്. സമാജ്വാദി പാർട്ടിക്കും 135 മുതൽ 149 സീറ്റുകൾ വരേയും കോൺഗ്രസിന് ആറ് സീറ്റുകൾ വരേയും ബി എസ് പിക്ക് 11 മുതൽ 12 സീറ്റുകൾ വരെയുമാണ് പ്രവചനം.

ഉത്തരാഖണ്ഡ് ബി ജെ പി നിലനിർത്തും?
അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തരാഖണ്ഡിൽ ഇത്തവണ പതിവ് തെറ്റിച്ച് ബി ജെ പി അധികാര തുടർച്ച നേടുമെന്ന് പ്രവചിച്ച് ഇന്ത്യ നൂസ് ജൻ കി ബാത് സർവ്വേ. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ പതിവ് അനുസരിച്ച് കോൺഗ്രസ് ആണ് ഇത്തവണ അധികാരം പിടിക്കേണ്ടത്.

കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. സർവ്വേയിൽ 35 മുതൽ 38 സീറ്റ് വരേയാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. കോൺഗ്രസിന് 27 മുതൽ 31 സീറ്റുകൾ വരേയും. ആം ആദ്മി പാർട്ടി ആറ് സീറ്റുകൾ നേടുമെന്നും സർവ്വേ വ്യക്തമാക്കുന്നു.












Click it and Unblock the Notifications