നാല് സംസ്ഥാനങ്ങളില്‍ ബിജെപി?
ദില്ലി: വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നോ നാലോ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുമെന്ന് സര്‍വ്വേ . മധ്യപ്രദേശും ഛത്തിസ്ഗഡും ബിജെപി നില നിര്‍ത്തും. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുമെന്നും സര്‍വ്വേ പറയുന്നു. ദില്ലിയില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാകാന്‍ ഇടയില്ലെന്നും തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സര്‍വ്വേ വിലയിരുത്തുന്നു.
ടൈംസ് നൗ-സി വോട്ടര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കണക്കുകള്‍ ശരിയായാല്‍ അത് നരേന്ദ്ര മോഡിക്കും ബിജെപിക്കും വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വലിയ ഊര്‍ജ്ജമായിരിക്കും നല്‍കുക എന്നും വിലയിരുത്തപ്പെടുന്നു.

അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ഉയര്‍ന്നുവന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി, കന്നി തിരഞ്ഞെടുപ്പില്‍ തന്നെ മെച്ചപ്പെട്ട് പ്രകടനം കാഴ്ചവക്കുമെന്ന് സര്‍വ്വേ കണ്ടെത്തുന്നു. എഴുപത് സീറ്റുകളുള്ള ദില്ലി അസംബ്ലിയില്‍ ഏഴെണ്ണം കെജ്രിവാളിന്റെ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദില്ലിയിലും ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ചവക്കുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. എഴുപത് സീറ്റുകളില്‍ 30 എണ്ണം സ്വന്തമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞേക്കും. ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ബിജെപിയാകും. നിലവില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസിന് 29 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവാത്ത സ്ഥിതി ഉണ്ടാകുമെന്നും സര്‍വ്വേ ഫലം പറയുന്നു.
മധ്യപ്രദേശില്‍ ബിജെപി അധികാരം നില നിര്‍ത്തും. 230 സീറ്റില്‍ 130 എണ്ണവും ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി പിടിച്ചടക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന് ഇവിടെ 84 സീറ്റുകള്‍ വരെ കിട്ടിയേക്കും.
രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചേക്കും. 200 സീറ്റുകളുള്ള രാജസ്ഥാന്‍ അസംബ്ലിയില്‍ 118 എണ്ണം ബിജെപി നേടുമെന്നാണ് സര്‍വ്വേ പ്രവചിപ്പിക്കുന്നത്. കോണ്‍ഗ്രസ് 64 സീറ്റുകളില്‍ ഒതുങ്ങും. ബിഎസ്പിയും മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് 18 സീറ്റുകള്‍ നേടിയേക്കും.
ഛത്തിസ്ഗഡില്‍ പക്ഷേ ബിജെപിക്ക് കാര്യങ്ങള്‍ അത്ര സുഖരമായിരിക്കില്ല. എങ്കിലും ഭരണം നേടാനാന്‍ സാധിക്കുമെന്ന് തന്നെയാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. 90 സീറ്റുകളില്‍ 47 എണ്ണം ബിജെപി നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.












Click it and Unblock the Notifications