നടന്‍ വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന്‍ ഡിഎംകെ പിടിക്കുമോ
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്താന്‍ പതിനെട്ടടവും പയറ്റുകയാണ് ബിജെപി. നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ വോട്ട് പിടിച്ചാല്‍ ലക്ഷ്യം കാണാന്‍ സാധിക്കില്ലെന്ന് ബിജെപി മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ വിജയിയെ എന്‍ഡിഎ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തത് ഇതിന്റെ ഭാഗമാണ്.
ഡിഎംകെ, അണ്ണാഡിഎംകെ സഖ്യങ്ങള്‍ക്ക് പുറമെ ടിവികെ കൂടി മല്‍സരിച്ചാല്‍ വോട്ടുകള്‍ ഭിന്നിക്കുമെന്നും ഇത് ഡിഎംകെക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇനിയും അഞ്ചു വര്‍ഷം കാത്തിരിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. അതുകൊണ്ടാണ് എന്തു വിട്ടുവീഴ്ച ചെയ്തും ബിജെപി അടവ് മാറ്റുന്നത്. എന്നാല്‍ ഇവിടെ കുടുങ്ങുന്നത് എഐഎഡിഎംകെയാണ്.

പ്രതിപക്ഷ സഖ്യത്തിലെ പ്രധാനി എഐഎഡിഎംകെ ആണ്. തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുന്നവര്‍ മറ്റു ചെറുകക്ഷികള്‍ക്ക് ഭരണപങ്കാളിത്തം നല്‍കുന്ന പതിവില്ല. വിജയ് സഖ്യത്തിലേക്ക് വന്നാല്‍ സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് എഐഎഡിഎംകെ ഭയക്കുന്നു. ഇതാണ് വിജയുമായി യാതൊരു ചര്‍ച്ചയും ഇതുവരെ നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ എടപ്പാടി പളനിസ്വാമി പറയാന്‍ കാരണം. മാത്രമല്ല, വിജയിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
സാധാരണ 170 മുതല്‍ 200 സീറ്റുകളില്‍ വരെയാണ് എഐഎഡിഎംകെ മല്‍സരിക്കാറുള്ളത്. വിജയ് സഖ്യത്തിലേക്ക് വന്നാല്‍ ചുരുങ്ങിയത് 50 സീറ്റ് നല്‍കേണ്ടി വരും. ബിജെപിക്ക് 25 സീറ്റും. ഇതോടെ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരിക എഐഎഡിഎംകെ ആയിരിക്കും. ഇതാണ് എടപ്പാടി പളനിസ്വാമിയെ അസ്വസ്ഥമാക്കുന്നതും വിജയിയുടെ വരവിനോട് മുഖം തിരിക്കുന്നതും.
സെങ്കോട്ടയ്യന്‍ ഡിഎംകെയില്‍ ചേരുമോ?
234 മണ്ഡലങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. മറ്റു കക്ഷികള്‍ക്ക് 100 സീറ്റുകള്‍ മാറ്റിവെക്കേണ്ട സാഹചര്യം വിജയിയുടെ വരവോടെ ഉണ്ടാകും. 134 സീറ്റില്‍ മാത്രമാകും എഐഎഡിഎംകെക്ക് മല്‍സരിക്കാന്‍ സാധിക്കുക. അതാകട്ടെ, ഒറ്റയ്ക്ക് ഭരിക്കുക എന്ന എടപ്പാടിയുടെ മോഹത്തിന് തിരിച്ചടിയാകും. മികച്ച വിജയം നേടിയാല്‍ പോലും 100 സീറ്റില്‍ താഴെ മാത്രമാകും എഐഎഡിഎംകെക്ക് കിട്ടുക. ഭരിക്കാന്‍ ടിവികെ, അല്ലെങ്കില്‍ ബിജെപി എന്നിവരുടെ പിന്തുണ അനിവാര്യമാകും.
സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ എഐഎഡിഎംകെ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഒരിക്കലും സൃഷ്ടിക്കരുത് എന്നാണ് എടപ്പാടിയുടെ വികാരം. ഇത് ബിജെപി വളരാനും പതിയെ എഐഎഡിഎംകെ ഒതുക്കപ്പെടാനും വഴിയൊരുങ്ങുമെന്നും എടപ്പാടി കരുതുന്നു. അതേസമയം, ടിവികെ എന്‍ഡിഎയിലേക്ക് വരുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിജയ് ഇതുവരെ മനസ് തുറന്നിട്ടില്ല. സഖ്യരൂപീകരണത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുകയാണ്.
ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ കേരളത്തിനൊപ്പമായിരുന്നു തമിഴ്‌നാട്ടിലും വോട്ടെടുപ്പ്. ഇത്തവണ രണ്ടാഴ്ച സമയം നീട്ടാന്‍ കാരണം ബിജെപി-വിജയ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കാനാണ് എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. അതേസമയം, എടപ്പാടിയോട് കലഹിച്ച് എഐഎഡിഎംകെ വിട്ട് ടിവികെയില്‍ ചേര്‍ന്ന സെങ്കോട്ടയ്യന്‍ ആശയക്കുഴപ്പത്തിലാണത്രെ. വിജയ് എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നാല്‍ ഒ പനീര്‍ശെല്‍വം ചെയ്തപോലെ സെങ്കോട്ടയ്യനും ഡിഎംകെയില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍.












Click it and Unblock the Notifications