മധുവിധു തീരുംമുമ്പേ കാശ്മീരില്‍ ബിജെപിയും പിഡിപിയും പിരിയും?
ശ്രീനഗര്‍: മധുവിധുക്കാലം തീരുന്നതിന് മുമ്പേ ജമ്മു കാശ്മീരില്‍ ബിജെപിയും പിഡിപിയും വഴിപിരിഞ്ഞേക്കുമെന്ന് സൂചന. സഖ്യകക്ഷിയായ പി ഡി പിയുടെ നിലപാടുകള്‍ സഹിക്കാവുന്നതിനും അപ്പുറം പോകുന്നതാണ് ബി ജെ പിക്ക് കാശ്മീരില്‍ തലവേദനയാകുന്നത്. ഇതാദ്യമായാണ് ബി ജെ പി സഖ്യം കാശ്മീരില്‍ ഭരണം പിടിക്കുന്നത്. പക്ഷേ ഈ സര്‍ക്കാരിന് വലിയ ആയുസ്സുണ്ടാകില്ല എന്ന സൂചനകളാണ് ശ്രീനഗറില്‍ നിന്നും കിട്ടുന്നത്.
വിഘടനവാദി നേതാവ് മസ്‌റത്ത് ആലത്തിനെ ജയിലില്‍ നിന്നും മോചിപ്പിച്ചതാണ് ബി ജെ പിയെ ഏറ്റവും ഒടുവില്‍ ചൊടിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് ഇയാളെ വിട്ടയക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഹുറിയത്ത് നേതാവാണ് മസ്‌റത്ത് ആലം.

കിട്ടിയ തക്കം മുതലാക്കി കോണ്‍ഗ്രസും ബി ജെ പിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മസ്‌റത്ത് ആലത്തിനെ വിട്ടയച്ച സംഭവത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാണ് അവരുടെ ആവശ്യം. ഇതോടെ ബി ജെ പി കൂടുതല്‍ പ്രതിസന്ധിയിലായി. പി ഡി പിയുമായ സഖ്യം തുടരണമോ എന്ന കാര്യത്തില്‍ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ആര്‍ എസ് എസിനും ബി ജെ പിയുടെ പി ഡി പി ബന്ധത്തോട് അത്ര പ്രതിപത്തിയില്ല.
കാശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യാ വിരുദ്ധറാലിക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് ആലത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. 2010 ലായിരുന്നു ഇത്. അതേസമയം രാഷ്ട്രീയതടവുകാരെ വിട്ടയ്ക്കുന്നത് പുതിയ കാര്യമല്ലെന്ന് പി ഡി പി നേതാവ് മെഹബൂബ മുഫ്തി ന്യായീകരണവുമായി രംഗത്തെത്തി. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനം സഖ്യസര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് ബി ജെ പി നേതാക്കള്‍ നല്‍കുന്ന വ്യക്തമായ സൂചന.












Click it and Unblock the Notifications