ഷഹീന്‍ബാഗില്‍ ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നു, തിരഞ്ഞെടുപ്പ് തന്ത്രമെന്ന് കെജ്‌രിവാള്‍!!
ദില്ലി: ഷഹീന്‍ബാഗ് സമരത്തെ ചൊല്ലി ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള പോര് കനക്കുന്നു. ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ടാണ് ഷഹീന്‍ബാഗിലെ കാളിന്ദി കുഞ്ച് റോഡ് കേന്ദ്ര സര്‍ക്കാര്‍ അടച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ഒരുമാസമായി ഷഹീന്‍ബാഗില്‍ സമരം നടക്കുന്നുണ്ട്. എന്നാല്‍ ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദില്ലിയിലെ ക്രമസമാധാന നിലയുടെ പൂര്‍ണ ചുമതല കേന്ദ്ര സര്‍ക്കാരിനാണ്. അവര്‍ എന്റെ അനുമതി വേണമെന്നാണ് പറയുന്നതെങ്കില്‍, അനുമതി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ഒരു മണിക്കൂറിനുള്ളില്‍ നിങ്ങള്‍ റോഡ് തുറന്ന് കൊടുക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഇത് ഞാന്‍ എഴുതി നല്‍കാം. ബിജെപിക്ക് ഷഹീന്‍ബാഗിലെ വഴി തുറന്ന് കൊടുക്കണമെന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ അത് അടച്ചിട്ടിരിക്കും. എന്നാല്‍ ഫെബ്രുവരി ഒമ്പതിന് അത് തുറക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ബിജെപി എല്ലാ കാര്യത്തിലും വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷഹീന്‍ബാഗ് സമരത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സമരത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ബിജെപിക്ക് വേണ്ടി വോട്ടിംഗ് മെഷീനില്‍ ശക്തമായി വോട്ട് രേഖപ്പെടുത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഷഹീന്‍ബാഗ് പോലുള്ള സമരങ്ങള്‍ തടയുന്നതിന് ബിജെപിക്ക് വോട്ടു ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു.
ഷഹീന്‍ബാഗ് സമരത്തില്‍ എഎപിക്കെതിരെ ബിജെപി വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കൊപ്പമാണ് കെജ്‌രിവാളും മനീഷ് സിസോദിയയും നില്‍ക്കുന്നത്. എന്നാല്‍ സമരം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോവാന്‍ സാധിക്കാതെ വരുമ്പോള്‍, സാധാരണക്കാര്‍ക്ക് ഓഫീസുകളില്‍ സാധിക്കാതെ വരുമ്പോള്‍, ആംബുലന്‍സുകള്‍ ആശുപത്രിയില്‍ എത്താതാവുമ്പോള്‍ കെജ്‌രിവാളും മനീഷ് സിസോദിയയും ഒരക്ഷരം മിണ്ടുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.












Click it and Unblock the Notifications