കേരളത്തില്‍ അക്കൗണ്ട് തുറക്കും, ബംഗാളില്‍ 30, ആന്ധ്രയില്‍ 18: 400 സീറ്റുകള്‍ എണ്ണി അമിത് ഷാ
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യം 400 ലേറെ സീറ്റ് നേടുമെന്ന് ആവർത്തിച്ച് മുതിർന്ന ബി ജെ പി നേതാവും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാ. ബി ജെ പി അധിക സീറ്റുകള്‍ നേടുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്ക് എനിക്ക് ചൂണ്ടിക്കാണിക്കാനാകുമെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കുന്നു.
'പശ്ചിമ ബംഗാളിൽ ഞങ്ങൾ 30 സീറ്റുകൾ നേടും. ബീഹാറിൽ, ഞങ്ങളുടെ നില 2019-ലെ നിലയില്‍ തന്നെ തുടരാനാണ് സാധ്യത. ഒഡീഷയിൽ ഞങ്ങള്‍ 16-ൽ എത്താം അല്ലെങ്കിൽ കുറച്ചുകൂടി മുന്നോട്ട് പോകാം. തെലങ്കാനയിൽ 10-12 സീറ്റുകള്‍ നേടും. ആന്ധ്രാപ്രദേശിൽ എൻ ഡി എ സീറ്റ് നില 17-18ന് അടുത്തായിരിക്കും. തമിഴ്‌നാട്ടിലും കേരളത്തിലും ഞങ്ങള്‍ അക്കൗണ്ടുകൾ തുറക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോലും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും' അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞു.

2014 മുതൽ ഭരണഘടന ഭേദഗതി ചെയ്യാൻ ഞങ്ങൾക്ക് അധികാരമുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ അത് ഒരിക്കലും ചെയ്തില്ല. അതുകൊണ്ട് തന്നെ ഭരണഘട ഭേദഗതിയിലൂടെ സംവരണം എടുത്ത് കളയും എന്ന വാദം അടിസ്ഥാന രഹിതമാണ്. 10 വർഷമായി ഞങ്ങൾ കേന്ദ്രത്തിലുണ്ട്, സംവരണത്തിൽ തൊട്ടിട്ടില്ല. മറിച്ച്, കർണാടകയിലും തെലങ്കാനയിലും മുസ്‌ലിംകൾക്ക് സംവരണം നൽകിയാണ് കോൺഗ്രസ് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ ക്വാട്ട കുറച്ചത്. ഞങ്ങൾ അത്തരത്തിലുള്ള ഒന്നും ചെയ്തിട്ടില്ല.
ഏകീകൃത സിവിൽ കോഡ് ഞങ്ങളുടെ ഒരു വലിയ തീരുമാനമായിരുന്നു. മുത്തലാഖ് എടുത്തുകളഞ്ഞത് വലിയ തീരുമാനമായിരുന്നു. കൂടാതെ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതും. ഭരണഘടനാപരമായി അനുശാസിക്കുന്ന സംവരണം അവസാനിപ്പിക്കുക എന്നത് ഞങ്ങളുടെ അജണ്ടയിലില്ല. അത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. 'സംവരണം' മാത്രമാണ് കോൺഗ്രസ് ഇതിലെല്ലാം കാണുന്നതെങ്കിൽ അതിനുള്ള പ്രതിവിധി നമ്മുടെ പക്കലില്ലെന്നും അമിത് ഷാ പറയുന്നു.
ഡോ. മൻമോഹൻ സിംഗ് തൻ്റെ പ്രസിദ്ധമായ 'വിഭവങ്ങളുടെ അവകാശം' പരാമർശത്തിൽ കോൺഗ്രസിൻ്റെ മുൻഗണന നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവരുടെ മുൻഗണന മുസ്ലീം വോട്ടുകൾക്കാണ്, അല്ലാതെ വികസനത്തിനല്ല. ദരിദ്രരെ എങ്ങനെ ഹിന്ദു/മുസ്ലിം എന്ന് വിഭജിക്കാനാകും? അതു ശരിയാണോ? ഞങ്ങൾ ദരിദ്രരെ ശാക്തീകരിക്കുകയാണെന്ന് മോദിജി പറഞ്ഞിട്ടുണ്ട്. അതൊരു സമഗ്രമായ സമീപനമാണ്.
ഗുജറാത്തിൽ ചില മുസ്ലീം ജാതികളുണ്ട്. എന്നാൽ കർണാടകയിൽ ഒരു സർവേയും കൂടാതെ മുസ്ലീം സമുദായത്തെ മുഴുവൻ പിന്നാക്കക്കാരായി പ്രഖ്യാപിക്കുകയാണ് ചെയ്ത്. കോടീശ്വരൻമാരായവരെപ്പോലും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കോടീശ്വരനായ ഒരു മുസ്ലീമിനെ എങ്ങനെ പിന്നോക്കക്കാരനായി കണക്കാക്കും? അവർ മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം ചെയ്യുകയാണ് ചെയ്തത്. ഹിന്ദുക്കളിലും ചില ജാതികൾ മാത്രമാണ് പിന്നോക്കം നിൽക്കുന്നത്. നമുക്ക് എല്ലാ ഹിന്ദുക്കളെയും പിന്നാക്ക വിഭാഗത്തിൽ പെടുത്താനാമോ? കോൺഗ്രസാണെങ്കിലും ഹിന്ദുക്കളെയെല്ലാം സംവരണത്തിന് കീഴില്‍ വരുത്തുമോ? അവർ ചെയ്തത് ഭരണഘടനാ വിരുദ്ധമാണ്. ദാരിദ്ര്യമോ പിന്നോക്കാവസ്ഥയോ പരിഗണനയുടെ ഒരു സൂചികയാകാം. അല്ലാതെ മതമല്ല. നമ്മുടെ ഭരണഘടന അത് അനുവദിക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർക്കുന്നു.
രാമക്ഷേത്രം എപ്പോഴും നമുക്ക് വിശ്വാസത്തിൻ്റെ കാര്യമാണ്, തിരഞ്ഞെടുപ്പ് വിഷയമല്ല. ക്ഷേത്രനിർമ്മാണത്തിന് കോൺഗ്രസ് തടസ്സം നിൽക്കുന്നുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. മോദിജി ഈ പ്രശ്‌നത്തെ പരിഹരിച്ചതെങ്ങനെയെന്ന് അവർ കണ്ടതാണ്. എന്നിരുന്നാലും, കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു തിരഞ്ഞെടുപ്പ് വിഷയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications