യുപിയില്‍ ബിജെപി 300 സീറ്റിലധികം നേടും, എസ്പി മൂന്നക്കം കടക്കില്ല, പ്രവചനം ഇങ്ങനെ
ദില്ലി: ഉത്തര്‍പ്രദേശില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്ന് കഴിഞ്ഞു. അവസാന ഘട്ട വോട്ടെടുപ്പ് യുപിയില്‍ പൂര്‍ത്തിയായിരിക്കുകയാണ്. എന്നാല്‍ എന്താവും യുപിയിലെ യഥാര്‍ത്ഥ സാഹചര്യം. എന്നാല്‍ എക്‌സിറ്റ് പോള്‍ വരുന്നതിന് മുമ്പ് യുപിയില്‍ താന്‍ നടത്തിയ യാത്രകളിലൂടെ മനസ്സിലായ ട്രെന്‍ഡ് പറയുകയാണ് ഇന്ത്യാ ടുഡേയിലെ സീനിയര്‍ എഡിറ്ററായ സച്ചിന്‍ സിംഗ്.
ബിജെപിയുടെ തേരോട്ടം യുപിയില്‍ രണ്ടാം തവണയും കാണാനാവുമെന്ന് സച്ചിന്‍ ഉറപ്പിച്ച് പറയുന്നു. ഇത്തവണയും ബിജെപി മുന്നൂറില്‍ അധികം സീറ്റുകള്‍ നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. അതിന് കാരണങ്ങളും അദ്ദേഹം തുറന്ന് പറയുന്നു.

ബിജെപി 300 സീറ്റില്‍ അധികം നേടുമെന്ന കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സച്ചിന്‍ പറയുന്നു. പല മേഖലയില്‍ നിന്നുള്ളവരുമായി സംസാരിച്ചതിലൂടെ തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അഞ്ച് കാരണങ്ങളാണ് ഇതിനായി കാണുന്നത്. ആദ്യത്തെ കാരണം യോഗി ആദിത്യനാഥിനെതിരെ പ്രകടമായ ഭരണവിരുദ്ധ വികാരം ഉത്തര്‍പ്രദേശില്‍ കാണുന്നില്ല എന്നതാണ്. അതും അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രകടമായ യാതൊന്നും യോഗിക്കെതിരെയില്ല. അത് യുപിയില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണെന്ന് സച്ചിന്‍ സിംഗ് ചൂണ്ടിക്കാണിക്കുന്നു. മായാവതിയോ അഖിലേഷോ അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഒരിക്കല്‍ പോലും ഭരണവിരുദ്ധ വികാരത്തില്‍ നിന്ന് മുക്തരായിരുന്നില്ല.

ഗ്രാമീണ മേഖലയിലോ നഗരങ്ങളിലോ, താന്‍ സംസാരിച്ച ഒരാളും യോഗിയെ കുറ്റപ്പെടുത്തുന്നില്ല. ഇത് ദരിദ്രനോ മധ്യവര്‍ഗമോ ആരുമാകട്ടെ, ആ അഭിപ്രായം വ്യക്തമാണ്. യോഗിയെ യുപി ജനത ജാതിക്കും മതത്തിനും അപ്പുറത്തായി സ്വീകരിക്കപ്പെടുന്നു എന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ രണ്ടാമതൊരു അവസരം യോഗിക്ക് നല്‍കാന്‍ ജനങ്ങള്‍ തയ്യാറാണ്. യോഗിയെ ജനങ്ങള്‍ സ്വീകരിക്കാന്‍ മറ്റൊരു കാരണം മികച്ച നിയമപരിപാലനമാണ്. ഇക്കാര്യത്തില്‍ വലിയ പുരോഗതി യുപിയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇനിയും അക്കാര്യത്തില്‍ മുന്നോട്ട് പോകാനുണ്ട്. ബിജെപിയെ എതിര്‍ക്കുന്നവര്‍ പോലും സംസ്ഥാനത്ത് ക്രമസമാധാന നില എത്രയോ മെച്ചപ്പെട്ടുവെന്ന് സമ്മതിക്കുന്നു.

മൂന്നാമത്തെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ യുപി മുഖ്യമന്ത്രിയും ജനപ്രീതിയില്‍ മുമ്പിലാണ് എന്നതാണ്. മോദിയേക്കാള്‍ മുന്നില്‍ അല്ല എന്നേയുള്ളൂ. പ്രത്യേകിച്ച് വനിതാ വോട്ടര്‍മാരില്‍ യോഗി വളരെ മുന്നിലാണ്. ഇതിന് പല കാരണങ്ങള്‍ ഉണ്ട്. ക്രമസമാധാന നില, ക്ഷേമ പദ്ധതികള്‍, അതോടൊപ്പം മുഖ്യമന്ത്രിയുടെ സത്യസന്ധത എന്നിവ സ്ത്രീകള്‍ക്കിടയില്‍ യോഗിയുടെ ഇമേജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഒരു വിഭാഗത്തില്‍ മാത്രമല്ല, എല്ലാ വിഭാഗങ്ങള്‍ക്കിടയിലും യോഗിയെ പോപ്പുലറാക്കുന്നു. എല്ലാ തലമുറയെയും ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ ഇത് യോഗിയെ സഹായിക്കുന്നുണ്ട്. യുപിയില്‍ സ്ത്രീകളുടെ വോട്ടില്‍ സിംഹഭാഗവും ഇത്തവണ ബിജെപി കൊണ്ടുപോകുമെന്ന് സച്ചിന്‍ പ്രവചിക്കുന്നു.

ബിജെപി ഇത്തവണ വോട്ട് ശതമാനം ഉയര്‍ത്തുമെന്നും സച്ചിന്‍ സിംഗ് പറയുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വോട്ടാണ് വര്‍ധിപ്പിക്കുക. പ്രധാന കാരണം സ്ത്രീകളുടെ ഇടയില്‍ പാര്‍ട്ടിക്കുള്ള ജനപ്രീതി വര്‍ധിച്ചതാണ്. നാലാമത്തെ കാരണം ക്ഷേമ പദ്ധതികളാണ്. കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സഹായം തിരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകമാകും. സൗജന്യ റേഷന്‍, പണം അക്കൗണ്ടിലേക്ക് എത്തിക്കുക, ആശുപത്രിയില്‍ സൗജന്യ ചികിത്സ, പാവപ്പെട്ടവര്‍ക്ക് വീടുകള്‍, എന്നിവ കൃത്യമായി ജനങ്ങളിലെത്തിയിട്ടുണ്ട്. ഈ ബിജെപി പദ്ധതികള്‍ യുപിയില്‍ വലിയ രീതിയില്‍ ക്ലിക്കായിട്ടുണ്ട്.

ഗ്രാമീണ മേഖലയിലെ വലിയൊരു വിഭാഗം ബിജെപിയുടെ ഈ ആനുകൂല്യങ്ങള്‍ ലഭിച്ചവരാണെന്ന് സച്ചിന്‍ സിംഗ് പറയുന്നു. ഗ്രാമീണ മേഖലയിലെ വലിയൊരു വിഭാഗം ഈ പദ്ധതികളുടെ ആനുകൂല്യം ലഭിച്ചവരാണ്. ഇവരാരും ബിജെപിയെ തള്ളിപ്പറയില്ല. ജനങ്ങള്‍ ജാതിക്കും മതത്തിനും അതീതമായി ഈ പദ്ധതികളെ പിന്തുണയ്ക്കുന്നുണ്ട്. അഞ്ചാമത്തെ കാരണം മോദി-യോഗി കൂട്ടുകെട്ടാണ്. ഇവര്‍ രണ്ട് പേരും യുപിയില്‍ ജനപ്രീതിയില്‍ വളരെ മുന്നിലാണ്. ഹിന്ദുത്വ ലബോറട്ടറിയായി കണ്ടിരുന്ന യുപിയില്‍ ഇപ്പോള്‍ രാമക്ഷേത്രവും കാശി വിശ്വനാഥ ഇടനാഴിയുമെല്ലാം വോട്ടര്‍മാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

ഹിന്ദു വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന് ഉറപ്പാണ്. അത് മാത്രമല്ല, മികച്ച റോഡുകള്‍, മുടക്കമില്ലാത്ത വൈദ്യുതി, അടിസ്ഥാന സൗകര്യം മെച്ചപ്പെട്ടത്, പോലീസ് നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് എന്നിവയെല്ലാം പ്രധാന നഗരങ്ങളിലെല്ലാം ചര്‍ച്ചാ വിഷയമാണ്. അയോധ്യയില്‍ ഇത് വലിയ തരംഗമാകും. ഇതിനേക്കാളെല്ലാം പ്രശ്‌നങ്ങള്‍ ആയത് പ്രതിപക്ഷത്തിന് കൃത്യമായ ഒരു അജണ്ടയില്ല എന്നതാണ്. എന്താണ് തിരഞ്ഞെടുപ്പ് വിഷയമാക്കേണ്ടത് എന്ന് ഒരു പാര്‍ട്ടിയും കൃത്യമായി അവതരിപ്പിച്ചില്ല. ഓരോ ഘട്ടത്തിലും പല വിഷയങ്ങളാണ് ഉന്നയിച്ചത്. കാര്‍ഷിക നിയമം മുതല്‍ പോലീസിന്റെ ക്രൂരതയും ഇവിഎം കൃത്രിമത്വവും അടക്കം പ്രതിപക്ഷത്തിന്റെ ഓരോ പ്രചാരണവും പാളിയെന്ന് സച്ചിന്‍ പറയുന്നു.

ബിജെപിയെ പൂട്ടാന്‍ കൃത്യമായൊരു പ്ലാന്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. ആകെ യോഗി സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നത് മാത്രമായിരുന്നു അഖിലേഷ് അടക്കമുള്ളവര്‍ ഉന്നയിച്ചത്. എന്നാല്‍ വോട്ട് ചെയ്താല്‍ സര്‍ക്കാരില്‍ നിന്ന് എന്ത് ലഭിക്കുമെന്ന് വ്യക്തമാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. അതിലുപരി ബിജെപിക്കെതിരെ വോട്ട് ചെയ്താല്‍ അതില്‍ കൂടുതല്‍ പ്രതിപക്ഷം എന്ത് ചെയ്യുമെന്നും പറയാന്‍ സാധിച്ചില്ല. പ്രതിപക്ഷത്തെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണ്.

ആര്‍എല്‍ഡി ഇത്തവണ രണ്ടക്കം കടക്കില്ല. എസ്പി മൂന്നക്കവും കടക്കില്ല. എസ്പിയുടെ വോട്ട് ശതമാനവും കൂടില്ല. കാരണം സഖ്യത്തിന് കൂടുതല്‍ സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് വട്ടപൂജ്യമായാലും അമ്പരക്കേണ്ടത്. ബിഎസ്പി സ്ഥിരം വോട്ട് നിലനിര്‍ത്തും. എന്നാല്‍ ഇത് സീറ്റിലേക്ക് വരില്ല. മൂന്നാമത്തെ വലിയ പാര്‍ട്ടിയായി ബിഎസ്പി ഉണ്ടാവും. പതിനഞ്ചിനും ഇരുപത്തിനും ഇടയിലായിരിക്കും ബിഎസ്പിയുടെ സീറ്റ് എന്നും സച്ചിന്‍ സിംഗ് പ്രവചിക്കുന്നു.












Click it and Unblock the Notifications