സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും ബിജെപി ജയിച്ചു; തമ്മില്‍ തല്ലി കോണ്‍ഗ്രസും എഐയുഡിഎഫും
ഗുവാഹത്തി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അസമില്‍ നിന്നുള്ള രണ്ട് സീറ്റിലും ബി ജെ പി ജയിച്ചതോടെ തമ്മില്‍ തല്ലി പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ബദ്റുദ്ദീന്‍ അജ്മലിന്റെ എ ഐ യു ഡി എഫും. കക്ഷിനില പ്രകാരം ഒരു സീറ്റിലായിരുന്നു അസമില്‍ ബി ജെ പിയ്ക്ക് വിജയ സാധ്യത ഉണ്ടായിരുന്നത്. ഇത് മുന്നില്‍ കണ്ട് കോണ്‍ഗ്രസും എ ഐ യു ഡി എഫും സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. 2020 മുതല്‍, അസമില്‍ നിന്ന് ബി ജെ പിയെ പുറത്താക്കാന്‍ കോണ്‍ഗ്രസും എ ഐ യു ഡി എഫും ഒരു സഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
എന്നാല്‍ ഉറപ്പില്ലാത്തെ ഒരു സീറ്റില്‍ ബി ജെ പി ജയിച്ചതോടെ ക്രോസ് വോട്ടിംഗ് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബി ജെ പിക്കും അതിന്റെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലിനും (യു പി പി എല്‍) വോട്ട് ചെയ്യാന്‍ ഏഴ് പ്രതിപക്ഷ എം എല്‍ എമാരെങ്കിലും തീരുമാനിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഫലം. സൗത്ത് കരിംഗഞ്ച് നിയമസഭാംഗം സിദ്ദിഖ് അഹമ്മദിന്റെ വോട്ട് അസാധുവായപ്പോള്‍ മറ്റ് ആറ് വോട്ടുകള്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായി.

എന്നാല്‍ ഇവര്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും കോണ്‍ഗ്രസും എ ഐ യു ഡി എഫും തമ്മിലുള്ള ചെളിവാരിയെറിയാന്‍ കാരണമായി. എ ഐ യു ഡി എഫിന്റെ അഞ്ച് നിയമസഭാംഗങ്ങള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ വസതിയില്‍ രാവിലെ 6 മണിക്ക് സന്ദര്‍ശിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് മഞ്ജിത് മഹന്ത ആരോപിച്ചു. ഇത് അവര്‍ എന്‍ ഡി എയ്ക്ക് വോട്ട് ചെയ്തുവെന്നു വ്യക്തമാക്കുന്നതാണെന്നാണ് മഹന്ത പറഞ്ഞു. ഇതിന് മറുപടിയായി എ ഐ യു ഡി എഫ് കോണ്‍ഗ്രസിനെതിരെ പ്രത്യേകാവകാശ ലംഘന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. 'ഞങ്ങളുടെ 15 നിയമസഭാംഗങ്ങളും പ്രതിപക്ഷ ഐക്യനിര സ്ഥാനാര്‍ത്ഥി റിപുന്‍ ബോറയ്ക്ക് വോട്ട് ചെയ്തു.

അസം കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ഭിന്നതകളുണ്ട്, അവരില്‍ ഒരു വിഭാഗമാണ് ബി ജെ പിക്ക് വോട്ട് ചെയ്തതെന്നും എ ഐ യു ഡി എഫ് എം എല്‍ എ അമിനുല്‍ ഇസ്ലാം ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് എം എല്‍ എയും പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ എ ഐ യു ഡി എഫ് ആരോപണം നിഷേധിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ എ ഐ യു ഡി എഫിന് പ്രത്യയശാസ്ത്രപരമായ ബോധ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

''അവര്‍ ബിസിനസുകാരുടെ പാര്‍ട്ടിയാണ്, ബിസിനസ്സ് താല്‍പ്പര്യങ്ങളാല്‍ നയിക്കപ്പെടുന്നു,'' ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു. പ്രതിപക്ഷത്താണെങ്കിലും കോണ്‍ഗ്രസും എ ഐ യു ഡി എഫും തമ്മില്‍ സ്വരചേര്‍ച്ചയിലല്ല. അസമിലെ ബംഗാളി വംശജരായ മുസ്ലിങ്ങള്‍ക്കിടയില്‍ എ ഐ യു ഡി എഫിന് വലിയ പിന്തുണയുണ്ട്. കൂടാതെ ലോവര്‍ അസമിലും ബരാക് താഴ്വരയിലും അവര്‍ ഉയര്‍ന്നുവരുന്നു.

എന്നാല്‍ പ്രത്യക്ഷത്തില്‍ എ ഐ യു ഡി എഫുമായി സഖ്യമുണ്ടാക്കുന്നത് അപ്പര്‍ ആസാമിലെ തദ്ദേശീയ ആസാം വോട്ടുകകളും ഹിന്ദു വോട്ടുകളും ഭിന്നിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് ഭയം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന അസം ദേശീയ പരിഷത്ത്, അഖില്‍ ഗൊഗോയിയുടെ റൈജോര്‍ ദള്‍ തുടങ്ങിയ ചെറിയ പ്രാദേശിക പാര്‍ട്ടികളും എ ഐ യു ഡി എഫ് വിരുദ്ധരാണ്.












Click it and Unblock the Notifications