ബിജെപി വിജയിച്ചു, പക്ഷെ വിറച്ചു; 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യം കണ്ടത്
ദില്ലി: വിറപ്പിക്കാനിറങ്ങിയ ബി ജെ പി കിതച്ച് കയറിയ വർഷമാണ് കടന്നുപോകുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാം അങ്കത്തിനിറങ്ങുമ്പോൾ തനിച്ച് 400 സീറ്റുകൾ എന്നായിരുന്നു ബി ജെ പിയുടെ വീരവാദം. സ്വപ്ന നേട്ടത്തിനായി മോദിയും സംഘവും അരയും തലയും മുറുക്കി ഇറങ്ങി. എന്നാൽ ബി ജെ പി കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേരിട്ടത്. 400 എന്ന സ്വപ്ന സംഖ്യ തൊടാൻ സാധിച്ചില്ലെന്ന് മാത്രമല്ല 240 സീറ്റുകൾ കൊണ്ട് പാർട്ടിക്ക് തൃപ്തിപ്പെടേണ്ടിയും വന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് 63 സീറ്റുകളുടെ കുറവാണ് ബി ജെ പിക്കുണ്ടായത്. എൻ ഡി എയ്ക്ക് ലഭിച്ചത് 293 സീറ്റുകൾ. കേരളത്തില്‍ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറന്നപ്പോഴും 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബി ജെ പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബി ജെ പി ഒറ്റയ്ക്ക് നേടിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളായിരുന്നു. സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ മാന്ത്രിക സംഖ്യ മറികടക്കാൻ ബി ജെ പിക്ക് സാധിച്ചു. ബി ജെ പിയുടെ തേരോട്ടത്തിൽ എൻ ഡി എ മുന്നണിയുടെ കൂറ്റൻ വിജയത്തിനാണ് 2019 സാക്ഷിയായത്. അന്ന് മുന്നണി 353 സീറ്റുകളാണ് സ്വന്തമാക്കിയത്.

അതേസമയം ഇക്കുറി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം ബി ജെ പിയെ വിറപ്പിച്ചുവെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. 2019 ൽ വെറും 52 സീറ്റുകളിലൊതുങ്ങിയ കോൺഗ്രസിന് 99 സീറ്റുകശാണ് ലഭിച്ചത്. സഖ്യത്തിലെ മറ്റൊരു പ്രധാന കക്ഷിയായ സമാജ്വാദ് പാർട്ടിയും സീറ്റ് ഉയർത്തി, 5 ൽ നിന്നും 37 ലേക്കായിരുന്നു സീറ്റ് മെച്ചപ്പെടുത്തിയത്. തൃണമൂൽ കോൺഗ്രസ് 7 സീറ്റ് വർധിപ്പിച്ച് 29 തൊട്ടു, ഡി എം കെയാകട്ടെ തമിഴ്നാട് തൂത്തുവാരി. 22 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്.
എൻ ഡി എയിൽ ടി ഡി പിയാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രണ്ടാമത്തെ പാർട്ടി, 16 സീറ്റുകൾ. 12 സീറ്റുകളുമായി ജെ ഡി യു ആയിരുന്നു മൂന്നാം സ്ഥാനത്ത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാമെന്ന മോഹം തകർന്നതോടെ മൂന്നാമൂഴത്തിൽ പത്തിമടക്കേണ്ടി വന്ന ബി ജെ പിയെ ആണ് ദേശീയ രാഷ്ട്രീയം കണ്ടത്.












Click it and Unblock the Notifications