സിപിഎമ്മിന് മേൽ അവസാന ആണിയുമടിച്ച് ബിജെപി! ത്രിപുരയിലെ ചാരിലാമിലും തകർപ്പൻ ജയം...
മാർച്ച് 12ന് നടന്ന വോട്ടെടുപ്പിൽ ചാരിലാം മണ്ഡലത്തിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിരുന്നു.
അഗർത്തല: ചാരിലാം നിയമസഭ മണ്ഡലത്തിലും മിന്നും ജയം നേടി ബിജെപി ത്രിപുരയിലെ തേരോട്ടം പൂർത്തിയാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേബർമനാണ് ചാരിലാം മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്. 25550 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹത്തിന്റെ വിജയം.
സിപിഎം സ്ഥാനാർത്ഥിയായിരുന്ന രമേന്ദ്ര നാരായൺ ദേബ് ബർമ്മയുടെ നിര്യാണത്തെ തുടർന്നായിരുന്നു ചാരിലാം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവച്ചത്. എന്നാൽ ത്രിപുരയിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ചാരിലാം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ സിപിഎം തീരുമാനിച്ചത്. എന്നാൽ സിപിഎം ബഹിഷ്കരിച്ചിട്ടും മാർച്ച് 12ന് നടന്ന വോട്ടെടുപ്പിൽ ചാരിലാം മണ്ഡലത്തിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിരുന്നു.

ബിജെപിയുടെ ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബർമ്മന് മണ്ഡലത്തിൽ കാര്യമായ വെല്ലുവിളിയുണ്ടായിരുന്നില്ല. കോൺഗ്രസിന്റെ അർജുൻ ദേബ് ബർമ്മ, ഐഎൻപിടിയുടെ ഉമാ ശങ്കർ ദേവ് ബർമ, സ്വതന്ത്രനായ ജ്യോതിലാൽ ദേബ് ബർമ്മ എന്നിവരായിരുന്നു ബിജെപിക്കെതിരെ മത്സരിച്ചത്. എന്നാൽ എതിർസ്ഥാനാർത്ഥികൾക്കൊന്നും ചാരിലാമിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. നേരത്തെ നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ 25 വർഷത്തെ സിപിഎം ഭരണത്തിന് അന്ത്യംകുറിച്ചാണ് ബിജെപി ത്രിപുരയിൽ അധികാരത്തിലേറിയത്. 35 സീറ്റുകളിൽ ബിജെപിയും 8 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. ചാരിലാം മണ്ഡലത്തിലെ വിജയത്തോടെ ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ സീറ്റ് നില 44 ആയി ഉയർന്നു.












Click it and Unblock the Notifications