കർണാടക എംഎൽസി തിരഞ്ഞെടുപ്പ്; ബിജെപിക്ക് 12 സീറ്റ്..11 ഇടത്ത് ജയിച്ച് കോൺഗ്രസ്
ബെംഗളൂരു; സംസ്ഥാനം ഉറ്റുനോക്കിയ നിയമ നിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 12 സീറ്റുകൾ നേടി ബി ജെ പി മുന്നേറ്റം. ആകെ 25 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 11 സീറ്റുകളാണ് ലഭിച്ചത്. 1 സീറ്റിൽ ജെ ഡി എസും നിജയിച്ചു. മറ്റ് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വിശദമായി വായിക്കാം
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 20 ജില്ലകളിലെ 25 എം എൽ സി സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. നിലവിൽ കൗൺസിലിൽ ആർക്കും തനിച്ച് ഭൂരിപക്ഷം ഇല്ല. 75 അംഗ കൗൺസിലിൽ 32 സീറ്റാണ് ബി ജെ പിക്കുള്ളത്. കോൺഗ്രസിന് 29 സീറ്റും ജെ ഡി എസിന് 12 സീറ്റും. ജെ ഡി എസ് പിന്തുണയോടെ ബി ജെ പിയുടെ ബസവരാജ് ഹൊരട്ടിയാണ് അധ്യക്ഷൻ.

കോൺഗ്രസ്- 13, ബിജെപി- 6, ദൾ - 5, സ്വതന്ത്രൻ -1 എന്നിങ്ങനെ എം എൽ സിമാർ ജനുവരി 5ന് വിരമിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണ വാശിയേറിയ പോരാട്ടമായിരുന്നു തുടക്കം മുതൽ നടന്നത്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയിട്ടാണ് തിരഞ്ഞെടുപ്പിനെ വിലയിരുത്തിയത്. അതുകൊണ്ട് തന്നെ കോൺഗ്രസിനും ബി ജെ പി ക്കും തിരഞ്ഞെടുപ്പ് ഏറെ നിർണായകമായിരുന്നു.

അതേസമയം 12 സീറ്റുകളിൽ വിജയിച്ചതോടെ ഉപരിസഭയിൽ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ചു. ഞങ്ങൾ 12 സീറ്റുകൾ നേടി. വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഉപരിസഭയിൽ ഭൂരിപക്ഷം ലഭിച്ചു," കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കൗൺസിലിൽ ബി ജെ പി കൂടുതൽ ശക്തി പ്രാപിച്ചതായും പുതിയ പദ്ധതികളും നിയമങ്ങളും തടസ്സമില്ലാതെ കൊണ്ടുവരാൻ സർക്കാരിനെ പ്രാപ്തമാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വന്ത്നാരായണൻ പറഞ്ഞു. ഫലം ജനപക്ഷ ഭരണം നൽകാൻ സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉപരിസഭയുടെ അധ്യക്ഷനായി പാർട്ടി സ്വന്തം സ്ഥാനാർത്ഥിയെ ബിജെപി നിർത്തിയേക്കും.

അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് തരംഗം ആരംഭിക്കുകയാണെന്നതിന്റെ സൂചനയാണ് ഫലമെന്ന് മുൻ കോണ‍്ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബെലഗാവിയിലെ ബിജെപി സ്ഥാനാർത്ഥിയുടെ തോൽവിക്ക് ഉത്തരവാദി ബിജെപി നേതാവ് രമേശ് ജാർക്കിഹോളിയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. രമേശിന്റെ സഹോദരൻ ലഖൻ ജാർക്കിഹോളിയാണ് ബെൽഗാവിയിൽ വിജയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു മത്സരം. അതിനിടെ ഇപ്പോഴത്തെ ഫലം ശുഭ സൂചനയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും പ്രതികരിച്ചു. 20 സീറ്റിലായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്.

അതിനിടെ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ജെ ഡി എസ് നേരിട്ടത്. എച്ച് ഡി രേവണ്ണയുടെ മകൻ ഡോ സുരാജ് രേവണ്ണ മത്സരിച്ച മണ്ഡലത്തിൽ മാത്രമാണ് ജെ ഡി എസ് വിജയം. പഴയ മൈസൂർ മേഖലയിലുള്ള 7 സീറ്റുകളിൽ മാത്രമായിരുന്നു ജെ ഡി എസ് മത്സരിച്ചത്. നേരത്തേ ബി ജെ പി ജെ ഡി എസുമായി സഖ്യത്തിന് പരസ്യമായി താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് ജെ ഡി എസ് തള്ളി. തുടർന്ന് സഖ്യത്തിനെ സംബന്ധിച്ച് പ്രാദേശിക കക്ഷികൾക്ക് തിരുമാനിക്കാമെന്ന നിലപാടായിരുന്നു ജെ ഡി എസ് നേതൃത്വം സ്വീകരിച്ചിരുന്നത്.












Click it and Unblock the Notifications