2017 ല്‍ 9 ല്‍ 8 ഉം നേടി ബിജെപി; ഇത്തവണ അട്ടിമറി പ്രതീക്ഷയില്‍ എസ്പി: ശ്രദ്ധാകേന്ദ്രമായി ലഖ്‌നൗ
ലഖ്‌നൗ: യുപിയില്‍ അഞ്ചംഘട്ടത്തില്‍ ലഖ്‌നൗ ഉള്‍പ്പടേയുള്ള ജില്ലകളില്‍ നടക്കുന്നത് ശക്തമായ പോരാട്ടം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഖ്‌നൗ ജില്ലയിലെ ഒമ്പതിൽ എട്ടിലും വിജയിച്ച ബി ജെ പി ഇത്തവണയും സീറ്റുകള്‍ തൂത്തുവാരുമെന്നാണ് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. 2017ൽ ഞങ്ങൾക്ക് ഒരു സീറ്റ് നഷ്ടമായി. ഇത്തവണ ലഖ്‌നൗവിലെ ഒമ്പത് സീറ്റുകളിലും ഞങ്ങൾ വിജയിക്കുമെന്നാണ് യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശർമ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
ബി ജെ പിയുടെ അവകാശവാദം ഇങ്ങനെയാണെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് ഗ്രൌണ്ട് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ജാതി വിന്യാസങ്ങൾ മാറി, കഴിഞ്ഞ തവണത്തെപ്പോലെ ബി ജെ പി തരംഗമില്ല, സമാജ്‌വാദി പാർട്ടി (എസ്‌പി) മികച്ച പോരാട്ടമാണ് നടത്തുന്നത് എന്നതാണ് 2017 നും 2022 നും ഇടയിലെ പ്രധാന വ്യത്യാസം.

ലക്‌നൗ ഈസ്റ്റും ലഖ്‌നൗ കന്റോൺമെന്റും ബി ജെ പിയുടെ പരമ്പരാഗത കോട്ടകളാണെങ്കിലും സരോജിനി നഗർ ഉള്‍പ്പടേയുള്ള മണ്ഡലങ്ങള്‍ പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയേക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വര് സിംഗാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥി. എസ്പിയുടെ അഭിഷേക് മിശ്രയാണ് പ്രധാന എതിരാളി.

വലിയ ബ്രാഹ്മണ ജനസംഖ്യയുള്ള ലഖ്‌നൗ കന്റോൺമെന്റിൽ, ബി ജെ പി ബ്രജേഷ് പഥക്കിനെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന് മത്സരം പൊതുവെ എളുപ്പമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ലഖ്‌നൗ സെൻട്രലിൽ ബി ജെപി യുടെ രജനിഷ് ഗുപ്തയും എസ്പിയുടെ രവിദാസ് മെഹ്‌റോത്രയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ബി ജെ പിയുടെ പതക്കിനോട് നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട കോൺഗ്രസ് വിമത സ്ഥാനാർത്ഥി ഇത്തവണയും ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.

നാല് അർബൻ സീറ്റുകളില്‍ ബി ജെ പിയും എസ്പിയും തുല്യ ശക്തരാണെങ്കിലും റൂറൽ സീറ്റുകളിലാണ് ബി ജെ പിക്ക് കൂടുതൽ പ്രതീക്ഷ വെക്കുന്നത്. സംവരണ മണ്ഡലമായ മലിഹാബാദിൽ ബിജെപി സിറ്റിങ് എം എൽ എയായ ജയ് ദേവിയെയാണ് ഇത്തവണയും രംഗത്ത് ഇറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ ദളിതർക്കിടയില്‍ നിർണ്ണായക സ്വാധീനം ബി ജെ പി അവകാശപ്പെടുമ്പോഴും യാദവരുടേയും മുസ്ലിം വോട്ടർമാരുടേയും ശക്തിയിലാണ് എസ്പി സ്ഥാനാത്ഥി സോനു കനുജിയുടെ പ്രതീക്ഷ.

മോഹൻലാൽഗഞ്ചെന്ന സംവരണ സീറ്റ് പരമ്പരാഗതമായി എസ്പിയുടെ കോട്ടയാണ്. 2017ൽ ബി ജെ പിക്ക് വിജയിക്കാൻ കഴിയാത്ത ലഖ്‌നൗ ജില്ലയിലെ ഏക മണ്ഡലമാണിത്. ഇത്തവണ ബി ജെ പിയുടെ അമ്രേഷ് കുമാർ എസ്പിയുടെ സുശീല സരോജിനെയാണ് നേരിടുന്നത്. അതേസമയം ലഖ്‌നൗ നോർത്തിൽ ബി ജെ പി എംഎൽഎ നീരജ് ബോറ എസ്പിയുടെ യുവ സ്ഥാനാർഥി പൂജ ശുക്ലയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

അതേസമയം, അയോധ്യ, അമേഠി, റായ്ബറേലി, സുല്‍ത്താന്‍പൂര്‍, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാംബി, പ്രയാഗ്രാജ്, ബരാബാക്കി, ബഹ്‌റൈച്ച്, ശ്രാവസ്തി, ഗോണ്ട എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 2.24 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തിൽ പോളിങ് ബൂത്തുകളിൽ എത്തുക. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കൗശാംബി ജില്ലയിലെ സിരാത്തു നിയമസഭാ സീറ്റില്‍ ജനവിധി തേടും. അപ്നാ ദള്‍ (കാമറവാദി) സ്ഥാനാര്‍ഥി പല്ലവി പട്ടേലിനെയാണ് എതിരാളി.












Click it and Unblock the Notifications