സുറത്തില്‍ ചരിത്ര വിജയം നേടി ബിജെപി: ലോക്സയിലേക്ക് എതിരാളികളില്ല, കോണ്‍ഗ്രസ് കോടതിയിലേക്ക്
അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഗുജറാത്തിലെ സൂറത്തില്‍ വിജയം ഉറപ്പിച്ച് ബി ജെ പി സ്ഥാനാർത്ഥി. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെയാണ് ബി ജെ പി സ്ഥാനാർത്ഥി മുകേഷ് ദലാലിനെ ഏകപക്ഷീയ വിജയത്തിലേക്ക് കടന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക കഴിഞ്ഞ ദിവസം വരണാധികാരി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ തങ്ങളുടെ പത്രിക പിൻവലിച്ചതും കൂടിയായപ്പോള്‍ മണ്ഡലത്തിലെ ഏക സ്ഥാനാർത്ഥിയായി മുകേഷ് ദലാല്‍ മാറി.
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവവികാസമായിട്ടാണ് സൂറത്തിലെ ഏകപക്ഷീയ വിജയത്തെ വിലയിരുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ മെയ് ഏഴിന് തിരഞ്ഞെടുപ്പ് നടക്കേണ്ട മണ്ഡലമായിരുന്നു സൂറത്ത്. ഇന്ത്യയുടെ വജ്രം നഗരം കൂടിയായ സൂറത്തിലെ വിജയം ബി ജെ പി പ്രവർത്തകർ ഇതിനോടകം തന്നെ ആഘേഷമാക്കുകയും ചെയ്തിട്ടുണ്ട്. മുകേഷ് ദലാലിനെ വിജയിയായി ഔദ്യോഗികമായ പ്രഖ്യാപിക്കേണ്ട ചടങ്ങ് മാത്രമാണ് ഇനിയുള്ളത്.

പത്രികയിൽ നിലേഷിനെ നിർദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. കോൺഗ്രസിന്റെ പകരക്കാരനായ സ്ഥാനാർഥി സുരേഷ് പദ്‌ലസയെ നിർദേശിച്ചയാളും പിൻമാറി. പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും സമീപിക്കുമെന്ന് കോൺഗ്രസ് പാർട്ടിയുടെ അഭിഭാഷകൻ ബാബു മംഗുക്യ വ്യക്തമാക്കിയിട്ടുണ്ട്.
പാർലമെൻ്റ് അല്ലെങ്കിൽ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഒരു സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് അപൂർവ്വമായിട്ട് മാത്രമാണ്. എന്നിരുന്നാലും 1951 മുതലുള്ള ഇന്ത്യയുടെ തിരഞ്ഞെുപ്പ് ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ നിരന്തരം ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഒരിക്കല്‍ മാത്രമാണ് ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എതിരില്ലാത്ത വിജയം ഉണ്ടായത്. 1957 ല്‍ മഞ്ചേശ്വരത്തായിരുന്നു അത്. ഉമേഷ് റാവു ആയിരുന്നു ആ വിജയി.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശിലും അഞ്ച് സീറ്റില്‍ ബി ജെ പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടേയുള്ളവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇത് നാലാം തവണയാണ് പേമ ഖണ്ഡു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതിൽ അദ്ദേഹം മൂന്ന് തവണ എതിരില്ലാതെ വിജയിക്കുകയായിരുന്നു.
തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികളും മറ്റ് സ്ഥാനാർത്ഥികളും സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനാൽ താലിയിൽ നിന്നുള്ള ജിക്കെ ടാക്കോ, താലിഹയിൽ നിന്നുള്ള ന്യാറ്റോ ഡുകോം, സഗലിയിൽ നിന്നുള്ള റാതു ടെച്ചി, റോയിംഗിൽ നിന്നുള്ള മുച്ചു മിതി എന്നിവരും എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.












Click it and Unblock the Notifications