'കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ കേരളത്തിൽ ദുമന്ത്രവാദം, മൃഗബലിയും നടത്തി'; ആരോപണവുമായി ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ കേരളത്തിലെ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടത്തിയെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാർ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ചാണ് യാഗം നടത്തിയതെന്നും യാഗത്തിൽ പങ്കെടുത്തയാളാണ് തനിക്ക് ഇത് സംബന്ധിച്ച രഹസ്യ വിവരം നൽകിയതെന്നും ഡി കെ ശിവകുമാർ .സദാശിവനഗറിലെ വീട്ടിൽ വച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വെച്ചാണ് അഘോരികളെ പങ്കെടുപ്പിച്ച് കൊണ്ട് യാഗം നടത്തിയത്. കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ ലക്ഷ്യം വെച്ച് എനിക്കും സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗം നടത്തിയത്. യാഗത്തിൻ്റെ പ്രധാന ലക്ഷ്യം ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്നതാണ്. ഈ ആചാരത്തെ 'രാജകണ്ടക' 'മരണ മോഹന സ്തംഭന' യാഗങ്ങൾ എന്നാണ് വിളിക്കുന്നത്.ചടങ്ങിൽ പങ്കെടുത്തവരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്', ഡികെ ശിവകുമാർ പറഞ്ഞു.

'യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. അവർ ഇനിയും അവരുടെ ശ്രമങ്ങൾ തുടരട്ടെ. ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല. അത് അവരുടെ വിശ്വാസമാണ്, ഞാൻ അത് അവർക്ക് വിട്ടുകൊടുക്കുന്നു. അവർ ആഗ്രഹിക്കുന്നതെന്തും അവർ ശ്രമിക്കട്ടെ. ഇത്തരം ശ്രമങ്ങളിൽ നിന്നെല്ലാം ഞാൻ വിശ്വസിക്കുന്ന ശക്തി എന്നെ രക്ഷിക്കും', അദ്ദേഹം പറഞ്ഞു.
ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ആരാണ് പിന്നിലെന്ന് വെളിപ്പെടുത്താൻ ശിവകുമാർ തയ്യാറായില്ല. പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ അത് മാധ്യമങ്ങൾ കണ്ടുപിടിക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കർണാടകത്തിൽ നിന്നുള്ള ബി ജെ പി നേതാക്കൾ രാജരാജേശ്വരി ക്ഷേത്രത്തിൽ സന്ദർശനത്തിന് എത്താറുണ്ട്. അതുകൊണ്ട് തന്നെ ബി ജെ പി നേതാക്കൾക്കെതിരെയാണോ ഡികെയുടെ ആരോപണത്തിന്റെ കുന്തമുന നീളുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
അതേസമയം ഡി കെ ശിവകുമാറിൻ്റെ ആരോപണത്തിന് പിന്നാലെ ഇത് സംബന്ധിച്ച വിവരശേഖരണത്തിനായി കർണാടകയിൽ നിന്നുള്ള ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തിയിട്ടുണ്ട്. അഞ്ചംഗ സംഘമാണ് അന്വേഷണത്തിനായി എത്തിയത്. ഇവർ പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നാണ് വിവരം.












Click it and Unblock the Notifications