ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ട് മരണം... രണ്ട് പേർ ഗുരുതരാവസ്ഥയിൽ
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. മാരിയപ്പൻ(35) കൃഷ്ണൻ (43) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊന്നുസ്വാമി, പാണ്ഡ്യരാജൻ എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്.

ശിവകാശിക്കടുത്ത് കക്കിവാടൻപട്ടിയിലാണ് അപകടമുണ്ടായത്. ഒരു ചെറിയ മുറിക്കുള്ളിൽ ഇരുന്നായിരുന്നു നാലു പേർ പടക്കനിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇവിടെയാണ് സ്ഫോടനം ഉണ്ടായത്.
ദീപാവലിക്ക് മുന്നോടിയായി വലിയ രീതിയിലുള്ള പടക്കനിർമാണമാണ് ഇവിടെ നടന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി ഒരു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. സംഭവത്തെക്കുറിച്ച് മധുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications