ഛത്തീസ്ഗഡില്‍ വോട്ടെടുപ്പിനിടെ സ്ഫോടനം; ഐടിബിപി കോൺസ്റ്റബിൾ കൊല്ലപ്പെട്ടു
റായ്പൂർ; രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഛത്തീസ്ഗഡിൽ നക്സലേറ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ (ഐടിബിപി) ജവാൻ കൊല്ലപ്പെട്ടു.ഹെഡ് കോൺസ്റ്റബിൾ ജോഗീന്ദർ സിംഗ് ആണ് മരിച്ചത്.
ബഡേ ഗോബ്ര ഗ്രാമത്തിന് സമീപം വൈകീട്ടാണ് സ്ഫോടനം നടന്നത്.. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോളിംഗ് സംഘം വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് സംഭവം. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് 5 മണി വരെ 67.34 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇന്ന് 70 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. 2018 ൽ ഈ സീറ്റുകളിലെ 51 ഇടത്ത് വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. പാർട്ടിക്ക് ഭരണം ലഭിക്കുന്നതിൽ നിർണായകമായിരുന്നു ഈ സീറ്റുകൾ. ഇത്തവണ ശക്തമായ പോരാട്ടമായിരുന്നു ഈ മണ്ഡലങ്ങളിൽ നടന്നത്.
ആദ്യഘട്ടത്തിൽ 20 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായിരുന്നു. 78 ശതമാനം പോളിംഗ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. അതേസമയം
ഇക്കുറി സംസ്ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഭരണ വിരുദ്ധ വികാരമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . മാത്രമല്ല പ്രീപോൾ സർവ്വേകളിൽ എല്ലാം തന്നെ കോൺഗ്രസിന് വലിയ മുൻതൂക്കമാണ് പ്രവചിച്ചത്.
അതിനിടെ ഛത്തീസ്ഗഡിനൊപ്പം വോട്ടെടുപ്പ് നടന്ന മധ്യപ്രദേശിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. 71.16 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിനിടെ പല പ്രദേശങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മെഹ്ഗോണിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ഛത്തർപൂരിൽ കോൺഗ്രസ് പ്രവർതകൻ കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് 230 സീറ്റുകളാണ് ഉള്ളത്. 116 സീറ്റുകളാണ് ഭൂരിപക്ഷം നേടാൻ ആവശ്യം. കഴിഞ്ഞ തവണ 114 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. ഭരണം നേടി ഒന്നരവർഷത്തിനിപ്പുറം ഓപ്പറേഷൻ താമര പയറ്റി ബിജെപി ഭരണം പിടിച്ചെടുത്തു. ഇക്കുറി ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം. പ്രീ പോൾ സർവ്വേകളിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നപ്പോഴൊക്കെ അവർ നേരിയ ഭൂരിപക്ഷത്തിൽ മാത്രമാണ് ഭരണം പിടിച്ചത്. അതിനാൽ തന്നെ ഇത്തവണയും അട്ടിമറി വിജയമൊന്നും കോൺഗ്രസിന് നേടാൻ കഴിയില്ലെന്നാണ് ബി ജെ പി വിലയിരുത്തൽ. അവസാന ഘട്ടത്തിൽ പന്ത് തങ്ങളുടെ കോർട്ടിൽ തന്നെ എത്തുമെന്ന ആത്മവിശ്വാസവും നേതാക്കൾ പ്രകടിപ്പിക്കുന്നു.












Click it and Unblock the Notifications