മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: 20 പേര്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 20 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഷിര്‍പൂരിലെ വാഗാദി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ രാവിലെ 9.45 ഓടെയാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോള്‍ 100 ഓളം ജീവനക്കാര്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നു. ഇപ്പോഴും 7 പേര്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കും.

സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം.വന്‍ സ്ഫോടനമാണ് നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. പത്തുകിലോ മീറ്ററിനപ്പുറം പ്രകമ്പനം അനുഭവപ്പെട്ടിരുന്നതായും ഇവര്‍ പറയുന്നു.പ്രദേശം നിറയെ പുക നിറഞ്ഞിരിക്കുകയാണ്.
അഗ്നിശമന സേനയും പോലീസും ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ഇതുവരെ തീയണയ്ക്കാന്‍ ആയിട്ടില്ല.
സിറ്റിയില്‍ നിന്നും ഏറെ ദൂരത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ ഏറെയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഫാക്ടറിയുടെ സമീപത്ത് തന്നെയാണ് കഴിയുന്നത്. അപകടത്തില്‍ ഇവിടങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. കെമിക്കല്‍ വിദഗ്ദരേയും ഡോക്ടര്‍മാരേയും പ്രദേശത്ത് എത്തിച്ചതായി മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചു.












Click it and Unblock the Notifications