പശ്ചിമ ബംഗാളിൽ 40 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; 2 മൃതദേഹങ്ങൾ കിട്ടി, തിരച്ചിൽ തുടരുന്നു
പാറ്റ്ന: ബീഹാർ- ബംഗാൾ അതിർത്തിയിൽ നാഗ്രി നദിയിൽ ബോട്ട് മറിഞ്ഞു. നാൽപ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. പ്രദേശ വാസികൾ നടത്തിയ തിരച്ചിലിൽ 2 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
പശ്ചിമ ബംഗാളിലെ ബജിത്പൂരിൽ നിന്നും ബീഹാറിലെ ദാംദോലിയയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബജിത്പൂരിനും ദാംദോലിയയ്ക്കും മധ്യഭാഗത്ത് വെച്ചാണ് അപകടം സംഭവിക്കുന്നത്. ഡിസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അപകട സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഇതുവരെ പന്ത്രണ്ടോളം പേരെ രക്ഷപെടുത്താനായി എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പെട്ടന്നുണ്ടായ വേലിയേറ്റമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

കഴിഞ്ഞ ആറ് ദിവസങ്ങളായി ബീഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. 25 വർഷത്തിനിടെയുണ്ടായ ഏറ്റവും കനത്ത മഴയാണിതെന്നാണ് റിപ്പോർട്ട്. മഴക്കെടുതികളിൽ ബീഹാറിൽ മാത്രം 50ൽ അധികം ആളുകളാണ് ഇതുവരെ മരിച്ചത്.












Click it and Unblock the Notifications