അസമില്‍ ബോഡോ തീവ്രവാദികള്‍ 55 പേരെ കൊന്നു
ഗുവാഹട്ടി: അസമില്‍ ബോഡോ തീവ്രവാദികള്‍ ആദിവാസികളേയും ഗ്രാമീണരേയും ക്രൂരമായി വെടിവച്ച് കൊന്നു. ഡിസംബര്‍ 23 ന് വൈകീട്ടോടെയാണ് സംഭവം. അഞ്ച് സ്ഥലങ്ങളിലായി നടത്തിയ ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ അസമിലെ സോനിത്പുര്‍ ജില്ലയിലെ മൈതാലുബസ്തിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണം തുടങ്ങിയത്. അരുണാചല്‍ പ്രദേശുമായും ഭൂട്ടാനുമായും അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിത്. ഇവിടെ നിന്ന് 23 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

സോനിത് പൂരിലെ ആക്രമണത്തിന് മിനിട്ടുകള്‍ക്ക് ശേഷം കൊക്രജര്‍ ജില്ലയിലെ പാഖ്രിഗുരി ഗ്രാമത്തില്‍ ആക്രമണം നടന്നു. ഇവിടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിത്. കൊക്രജര്‍ ജില്ലിലെ ഉല്‍തപാനി ഗ്രാമത്തില്‍ നിന്ന് ആറ് മൃതദേഹങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സോനിത്പൂരില്‍ തുടര്‍ന്നും ആക്രമണങ്ങള്‍ നടന്നു. രണ്ടിടങ്ങളിലായി 16 പേരാണ് കൊല്ലപ്പെട്ടത്.
നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്(സോങ്ബിജിത്ത് വിഭാഗം) ആണ് ആക്രമണത്തിന് പിന്നില്‍. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും നിര്‍ധനരായ ആദിവാസികളാണ്.

മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആക്രമണം നടന്ന സ്ഥലങ്ങളെല്ലാം തന്നെ ഉള്‍ഗ്രാമങ്ങളാണ്. പലതും ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളാണ്.
തങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എവിടെയായിരിക്കും ആക്രണം നടക്കുക എന്നത് സംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മുന്‍കരുതലുകളെടുക്കാനും കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications