നോറ ഫത്തേഹി പെട്ടില്ലല്ലോ... എന്നെ മാത്രം കുടുക്കി... ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ വാക്കുകള്‍ വിവാദത്തില്‍
ന്യൂഡല്‍ഹി: ബോളിവുഡ് സിനമാ ലോകത്ത് പല താരങ്ങളും വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വാര്‍ത്തയായത് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്ന ഈ കേസില്‍ നടി നോറ ഫത്തേഹിയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ചില പരാമര്‍ശങ്ങളാണ് ഇതിന് കാരണമായത്.
എന്നാല്‍ ജാക്വിലിന്‍ അനാവശ്യമായ വിവാദമുണ്ടാക്കുകയാണെന്നും തന്റെ കീര്‍ത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നോറ ഫത്തേഹി ആരോപിക്കുന്നു. അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ..

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ മാത്രമല്ല, 15 മാധ്യമങ്ങളെയും പ്രതി സ്ഥാനത്ത് നിര്‍ത്തിയാണ് നോറ ഫത്തേഹി കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ശ്രമിച്ചു എന്നാണ് പരാതിയിലെ ആരോപണം. ജാക്വിലിന്റെ ആരോപണങ്ങള്‍ വാര്‍ത്തയാക്കിയതാണ് മാധ്യമങ്ങള്‍ക്കെതിരെയും പരാതി നല്‍കാന്‍ കാരണം.

സമൂഹത്തില്‍ തനിക്കെതിരെ അവമതിപ്പുണ്ടാക്കാന്‍ ശ്രമിച്ചു, സാമ്പത്തികമായും വ്യക്തിപരമായും തന്നെ മോശമാക്കാന്‍ ശ്രമം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ജാക്വിലിനെതിരെ നോറ ഫത്തേഹി ഉന്നയിക്കുന്നത്. 200 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സുകേഷ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൂടുതല്‍ നടിമാരെ പ്രതിക്കൂട്ടിലാക്കുന്നത്.

സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ലഭിച്ചു എന്നാണ് ആക്ഷേപം. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഇക്കാര്യം ആദ്യം ജാക്വിലിന്‍ നിഷേധിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘം തെളിവ് കാണിച്ചപ്പോഴാണ് അവര്‍ ഭാഗികമായി അംഗീകരിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്ത വേളയില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. സുകേഷില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയ നോറ ഫത്തേഹി ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെ കേസില്‍ സാക്ഷികളാക്കുകയാണ് ചെയ്തത്. തന്നെ മാത്രം പ്രതിയാക്കി. ഇതെന്താണ് കാരണം എന്നായിരുന്നു ജാക്വിലിന്റെ ഫെര്‍ണാണ്ടസിന്റെ ചോദ്യം. ഇതാണ് നോറയുടെ പരാതിക്ക് കാരണം.

നേരത്തെ സുകേഷ് ചന്ദ്രശേഖറിനും മറ്റുചില പ്രതികള്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും പ്രതി ചേര്‍ത്ത് അധിക കുറ്റപത്രം സമര്‍പ്പിച്ചു. ജാക്വിലിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമാ താരങ്ങളെ സംശയനിഴലിലാക്കുന്ന കേസാണിത്.












Click it and Unblock the Notifications