സീരിയല്‍ നടനെ അറസ്റ്റ് ചെയ്തതിനെതിരെ റിഷി കപൂര്‍
ഫതേബാദ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ അനുകരിച്ചതിന് തുടര്‍ന്ന് സീരിയല്‍ നടനെ അറസ്റ്റ് ചെയ്തതിനെതിരെ ബോളിവുഡ് നടന്‍ റിഷി കപൂര്‍ രംഗത്തെത്തി. തന്റെ ട്വിറ്ററില്‍ സീരിയല്‍ നടന്‍ കിക്കു ഷര്‍ദയെ പിന്തുണച്ച റിഷി കപൂര്‍ റാം റഹീമിനെ ഒരു റോക്ക്‌സ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇതിന്റെ പേരില്‍ തന്നെ ആരെങ്കിലും അറസ്റ്റ് ചെയ്യുമെങ്കില്‍ കാണട്ടെയെന്നും റിഷി കപൂര്‍ പറയുന്നുണ്ട്.
കളേഴ്‌സ് ചാനലില്‍ അവതരിപ്പിച്ചുവരുന്ന കോമഡി നൈറ്റ് വിത്ത് കപില്‍ എന്ന പരിപാടിയിലായിരുന്നു കിക്കു ഗുര്‍മിത് റാം റഹീമിനെ അനുകരിച്ചത്. ഇതേ തുടര്‍ന്ന് തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നുകാട്ടി ഗുര്‍മിതിന്റെ അനുയായികള്‍ പോലീസില്‍ പരാതി നല്‍കുകയും പരാതി പ്രകാരം കിക്കുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത കിക്കുവിനെ പിന്നീട് 1 ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെച്ചതിനെ തുടര്‍ന്ന് പുറത്തുവിട്ടു. സംഭവത്തില്‍ കിക്കു നേരത്തെ ക്ഷമ ചോദിച്ചിരുന്നു. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല പരിപാടി അവതരിപ്പിച്ചതെന്നും അത് തമാശ മാത്രമാണെന്നുമായിരുന്നു നടന്റെ പ്രതികരണം.
കിക്കുവിന്റെ ക്ഷമ ചോദിച്ചെങ്കില്‍ തനിക്ക് പരാതിയില്ലെന്ന് പിന്നീട് ഗുര്‍മിത് റാം റഹീമും പറഞ്ഞു. എന്നാല്‍, തമാശയുടെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യപ്പെടുന്ന നാടായി ഇന്ത്യ മാറുകയാണെന്ന് ട്വിറ്ററിലൂടെ പലരും പ്രതിഷേധിച്ചു. കിക്കുവിനെ അറസ്റ്റ് ചെയ്തത് നീതികരിക്കാന്‍ പറ്റുന്നതല്ലെന്നാണ് ബോളിവുഡിലെ നടീനടന്മാരും അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications