സഹതാരത്തെ പരസ്യമായി അപമാനിച്ച് സല്‍മാന്‍ ഖാന്‍ വിവാദത്തില്‍
മുംബൈ: ബോളിവുഡിലെ മസില്‍മാന്‍ മാത്രമല്ല സല്‍മാന്‍ ഖാന്‍, ഏറ്റവും വേഗം ദേഷ്യപ്പെടുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടിയാണ്. പരസ്യമായി തന്നെ സല്‍മാന്‍ പലരോടും പൊട്ടിത്തെറിച്ചിട്ടുള്ള സംഭവങ്ങള്‍ ബോളിവുഡില്‍ ഇഷ്ടം പോലെ. അടുത്ത കാലത്തായി താരം ദേഷ്യമൊക്കെ കുറച്ച് അല്‍പമൊന്ന് ഒതുങ്ങിയത് പോലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സല്‍മാന്‍ സഹതാരത്തെ പരസ്യമായി അപമാനിക്കുന്ന കാഴ്ച വീണ്ടും കണ്ടു.
പുതിയ ചിത്രമായ പ്രേം രത്തന്‍ ധന്‍ പായോയുടെ പ്രമോഷണല്‍ ഈവന്റിനിടെയാണ് സല്‍മാന്‍ സഹതാരമായ നീല്‍ നിതിന്‍ മുകേഷിനോട് അപമര്യാദയായി പെരുമാറിയത്. സല്‍മാന്‍ ഖാനെക്കുറിച്ച് സംസാരിക്കവേ നീല്‍ നിതില്‍ ഭായ് എന്ന് പറഞ്ഞതാണ് പ്രശ്‌നത്തിന് കാരണമായത്. ഞാന്‍ നിന്റെ സഹോദരന്‍ അല്ല അത് സൂരജാണ് എന്നായിരുന്നു സല്‍മാന്‍ ഖാന്റെ മറുപടി.

സല്‍മാന്‍ ഖാന്, തന്നെ ഭായ് എന്ന് ആളുകള്‍ വിളിക്കുന്നത് ഇഷ്ടമല്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തനിക്ക് സ്വന്തമായി രണ്ട് സഹോദരന്മാര്‍ ഉണ്ട്. ഇനിയും കൂടുതല്‍ സഹോദരന്മാര്‍ വേണ്ട എന്നതാണത്രെ താരത്തിന്റെ വിശദീകരണം. കഴിഞ്ഞില്ല, തന്നെ ഭായ് എന്ന് വിളിക്കരുത് എന്ന് സല്‍മാന്‍ ഖാന്‍ നീല്‍ നിതിന്‍ മുകേഷിനോട് ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രേം രത്തന്‍ ധന്‍ പായോ ഈയാഴ്ച തീയറ്ററുകളിലെത്തും.












Click it and Unblock the Notifications