രാഖി സാവന്ത് ആര്‍പിഐയില്‍ ചേര്‍ന്നു
മുംബൈ: ബോളിവുഡ് ഐറ്റം ഡാന്‍സ് താരം രാഖി സാവന്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(ആര്‍പിഐ)യില്‍ അംഗത്വമെടുത്തു. പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്ന രാഖി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ അധ്യക്ഷന്‍ രാജ് താക്കറേക്കെതിരേ മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. താക്കറെയെന്നല്ല താന്‍ ആരെയും നേരിടാന്‍ ഭയക്കുന്നില്ലെന്ന് രാഖി പറഞ്ഞു.
രാഖിയെ പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ദേശീയ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി തെരഞ്ഞെടുത്തായി ആര്‍പിഐ ദേശീയ അധ്യക്ഷന്‍ രാംദാസ് അത്താവാലെ അറിയിച്ചു. രാഖി വെറുമൊരു സെലിബ്രിറ്റി അല്ലെന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീകളില്‍ സ്വാധീനം ചെലുത്താന്‍ രാഖിക്ക് കഴിയുമെന്ന് രാംദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഖി മികച്ചൊരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. രാഖിക്ക് സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ പൊതുജനങ്ങളുടെ മനസില്‍ ഇടംനേടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഖിയെ മത്സരിപ്പിക്കണോ എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. അതേസമയം, രാഖിക്ക് അങ്ങിനെയൊരു ആഗ്രഹമുണ്ടെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും രാംദാസ് അറിയിച്ചു.
തനിക്ക് ഭാവിയില്‍ തീര്‍ച്ചയായും ഒരു മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് രാഖി പറയുന്നു. അത്തരത്തിലുള്ള പ്രകടനം താന്‍ കാഴ്ചവെക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആം പാര്‍ട്ടി രൂപീകരിച്ച് മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ മത്സരിച്ച രാഖിക്ക് ആകെ 1,995 വോട്ട് മാത്രമാണ് ലഭിച്ചത്.












Click it and Unblock the Notifications