രാഷ്ട്രീയ നേതാവ് അപമാനിച്ചെന്ന് പ്രമുഖ ബോളിവുഡ് ഗായിക
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊച് ബിഹാര്‍ ജില്ലയില്‍ ഒരു പരിപാടിക്കെത്തിയ തന്നെയും സംഘത്തെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അപമാനിച്ചതായി പ്രമുഖ ബോളിവുഡ് ഗായിക ആകൃതി കക്കാര്‍. പ്രദേശത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് ആകൃതി തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.
കൊച് ബിഹാറിലെ പേരുകേട്ട റാഷ് മേളയില്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് ആകൃതിയും സംഘവും എത്തിയത്. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു പരിപാടി. എന്നാല്‍ പരിപാടിക്കിടെ ബാക്ക്‌സ്റ്റേജിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ശുഭജിത്ത് കുണ്ടുവും സംഘവും ബഹളമുണ്ടാക്കുകയായിരുന്നെന്ന് ആകൃതി പറയുന്നു.

കൊച് ബിഹാര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റെബ കുണ്ടുവിന്റെ മകനാണ് ശുഭജിത്ത്. ഇവരുടെ സംഘത്തില്‍ പെടുന്നവര്‍ മദ്യപിച്ചിരുന്നതായും തന്റെ പ്രകടനം മോശമാണെന്ന് കാട്ടി ബഹളം വെക്കുകയുമായിരുന്നെന്ന് ഗായിക പറഞ്ഞു. ഇന്ത്യയില്‍ പലയിടത്തും, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും താന്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമാണെന്ന് ആകൃതി വ്യക്തമാക്കി.
വന്‍ കാണികള്‍ പരിപാടിക്കെത്തിയിരുന്നതിനാല്‍ ജീവാപായം ഉണ്ടാകുമെന്നുപോലും ഭയന്നെന്നാണ് ഗായിക പറയുന്നത്. അതേസമയം, ഗായികയും സംഘവും പരിപാടി മോശമായാണ് അവതരിപ്പിച്ചതെന്നും അക്കാര്യം ചോദിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ശുഭജിത്ത് വ്യക്തമാക്കി. ഗായികയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications