
'ശ്രദ്ധിക്കുക, ഇതൊരു തമാശയല്ല'; ബംഗളൂരുവിലെ ഏഴ് സ്കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം
ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഏഴ് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണിയുള്ളതായി സിറ്റി പൊലീസ് കമ്മിഷണര്‍ കമല്‍ പന്ത് വെള്ളിയാഴ്ച അറിയിച്ചു. ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളില്‍ പരിശോധന നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
പരിശോധന നടത്താനായി ബോംബ് സ്ക്വാഡും സ്ഥവലത്തെത്തിയിട്ടുണ്ട്. ഇതുവരെ സ്കൂളുകളില്‍ നിന്ന് സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഭീഷണികള്‍ വ്യാജമാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. എന്നിരുന്നാലും, പരീക്ഷകള്‍ നടക്കുന്ന സ്കൂളുകളില്‍ അത് നിര്‍ത്തിവച്ച് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പറഞ്ഞു.
രാവിലെ 11 മണിയോടെയാണ് ഇ-മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂള്‍ പരിസരത്ത് ബോംബ് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്. നിങ്ങളുടെ സ്കൂളില്‍ വളരെ മാരകശേഷിയുള്ള ഒരു ബോംബ് സ്ഥാപിച്ചിട്ടുണ്ട്, ശ്രദ്ധിക്കുക ഇതൊരു തമാശയല്ല. ഉടന്‍ തന്നെ പോലീസിനെയും ബോംബ് സ്വാഡിനെയും വിളിക്കുക, നിങ്ങളുടേതുള്‍പ്പെടെ നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടേക്കാം, വൈകരുത്, ഇപ്പോള്‍ എല്ലാം നിങ്ങളുടെ കൈകളില്‍ മാത്രം- ബോംബ് സന്ദേശത്തില്‍ പറഞ്ഞു.
1. ഡല്‍ഹി പബ്ലിക് സ്കൂള്‍, വര്‍ത്തൂര്‍
2. ഗോപാലന് ഇന്റര്‍നാഷണല്‍ സ്കൂള്‍
3. പുതിയ അക്കാദമി സ്കൂള്‍
4. സെന്റ് വിന്‍സെന്റ് പോള്‍ സ്കൂള്‍
5. ഇന്ത്യന്‍ പബ്ലിക് സ്കൂള്‍, ഗോവിന്ദ്പുര
6.എബനേസര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഇലക്ട്രോണിക് സിറ്റി
എന്നീ സ്കൂളുകളില്‍ ബോംബ് സ്ഥാപിച്ചെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.