നിർമല സീതാരാമൻ പ്രസംഗിക്കുമ്പോൾ കൂവലും ബഹളവും, വീഡിയോ വൈറൽ, കാണികളുടെ ആവേശമെന്ന് മന്ത്രി
ന്യൂ ഡല്‍ഹി: കേന്ദ്ര ധനവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ പ്രസംഗിക്കുന്നതിനിടെ കാണികള്‍ കൂവുകയും ബഹളം വെയ്ക്കുകയും ചെയ്യുന്ന വീഡിയോ വൈറല്‍. ആന്ധ്ര പ്രദേശിലെ മഡനംപള്ളിയില്‍ കാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആണ് സംഭവം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുളള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ആളുകള്‍ ബഹളം വെച്ചത്.
നിര്‍മ്മല സീതാരാമന് പ്രസംഗം തുടരാന്‍ സാധിക്കാതെ വന്നതോടെ ചന്ദ്രബാബു നായിഡു സീറ്റില്‍ നിന്ന് എഴുന്നേറ്റ് വന്ന് ആളുകളോട് ശാന്തരായിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷമാണ് ധനമന്ത്രിക്ക് പ്രസംഗം തുടരാന്‍ സാധിച്ചത്.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഇത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുകയാണ്. നിര്‍മല സീതാരാമന്‍ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍, ആദ്യം ജോലി തരൂ എന്ന് ആളുകള്‍ ബഹളം വെച്ചതായും ഇത് പൊതുജന രോഷമാണ് വ്യക്തമാക്കുന്നത് എന്നുമാണ് ജയറാം രമേശ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

''ആളുകളുടെ രോഷം എത്രത്തോളമുണ്ടെന്ന് ധനമന്ത്രിക്ക് തന്നെ നേരിട്ട് കാണാന്‍ സാധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആളുകളെ നിശബ്ദരാക്കേണ്ടി വന്നു'', ജയറാം രമേശ് കുറിച്ചു. ഇതോടെ നിര്‍മ്മല സീതാരാമനും ചന്ദ്രബാബു നായിഡുവും അടക്കമുളളവര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ആളുകള്‍ ബഹളം വെയ്ക്കുകയോ കൂവുകയോ ആയിരുന്നില്ല ചെയ്തത് എന്നും നേതാക്കളെ കണ്ട ആവേശമായിരുന്നു കാണികളുടേത് എന്നാണ് ഇരുനേതാക്കളുടേയും പ്രതികരണം.
वित्त मंत्री खुद देख रही हैं जनता में कितनी नाराज़गी है। मुख्यमंत्री को लोगों को चुप कराना पड़ा।
— Jairam Ramesh (@Jairam_Ramesh) October 4, 2026
ജയറാം രമേശിന്റെ പോസ്റ്റിന് കമന്റായാണ് നിര്‍മല സീതാരാമന്റെ പ്രതികരണം. ''ഇത് അവിശ്വസനീയമാണ് ജയറാം. നിങ്ങള്‍ ഇങ്ങനെ എടുത്ത് ചാട്ടം നടത്തുന്ന ആളാണെന്ന് കരുതിയില്ല. ചന്ദ്രബാബു നായിഡുവിനേയും പവന്‍ കല്യാണിനേയും കാണാന്‍ ആവേശഭരിതരായിട്ടിരിക്കുകയായിരുന്നു ടിഡിപിയുടേയും ജന സേന പാര്‍ട്ടിയുടേയും പ്രവര്‍ത്തകര്‍. പരിപാടി അവസാനിച്ച ശേഷം നേതാക്കളുമായി സംവദിക്കാം എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്'', നിര്‍മ്മല സീതാരാമന്‍ കുറിച്ചു.
ചന്ദ്രബാബു നായിഡുവും ജയറാം രമേശിനെതിരെ രംഗത്ത് വന്നു. ''നിങ്ങള്‍ പറഞ്ഞതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ല. ജനങ്ങളുടെ ആവേശത്തേയും ആഹ്‌ളാദാരവത്തേയും ആണ് നിങ്ങള്‍ പൊതുജനരോഷം എന്ന് തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. പരിപാടി തടസ്സപ്പെടാതെ തുടര്‍ന്ന് പോകാന്‍ വേണ്ടി മാത്രമാണ് താന്‍ ഇടയില്‍ കയറി ഇടപെട്ടത്.
ആളുകളുടെ ആവേശത്തെ രോഷമായി തെറ്റിദ്ധരിക്കുന്നതിലൂടെ നിങ്ങള്‍ ആന്ധ്രപ്രദേശിലേയും ഭാരതത്തിലേയും ജനങ്ങളുടെ വികാരവുമായി എത്രമാത്രം അകലത്തിലാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. ആളുകള്‍ക്ക് എന്ത് തോന്നിയെന്നതും അവര്‍ എന്ത് പ്രകടിപ്പിച്ചു എന്നതും രാഷ്ട്രീയ പ്രേരിതമായ സോഷ്യല്‍ മീഡിയാ പ്രചാരണങ്ങളിലൂടെ മാറ്റാന്‍ സാധിക്കില്ല'', ചന്ദ്രബാബു നായിഡു എക്‌സില്‍ കുറിച്ചു.


Click it and Unblock the Notifications
