കേന്ദ്രം ഇടപെട്ടു; അതിർത്തി പ്രശ്നത്തിൽ കേസുകൾ പിൻവലിച്ച് മിസോറാമും അസമും
ദില്ലി; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ എടുത്ത കേസുകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി മിസോറാം മുഖ്യമന്ത്രി സോറതംഗ. അതിർത്തി തർക്കത്തിൽ സൗഹാർദ്ദപരമായ പ്രശ്നപരിഹാരം ലക്ഷ്യവെച്ചാണ് നടപടിയെന്ന് സോറതംഗ പറഞ്ഞു.

മിസോറാം-അസം അതിർത്തി തർക്കത്തിന് സൗഹാർദ്ദപരമായ പരിഹാരം ഉണ്ടാക്കുന്നതിനും പൗരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കൊളാസിബ് ജില്ലയിലെ വൈറെംഗ്ടെയിൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുകയാണ്, സോറംതംഗ ട്വീറ്റ് ചെയ്തു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് പി്നനാലെയാണ് നടപടി.
സംഘർഷത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തായിരുന്നു മിസോറാം കേസെടുത്തത്.
അതേസമയം മിസോറാം നീക്കത്തിന് പിന്നാലെ മിസോറാം എംപി കെ വൻലാൽവേനയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നിർദ്ദേശം നൽകി. ഞങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരായ ജൂലൈ 26 -ലെ എഫ്ഐആർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി സോറംതംഗ മിസോറാം പോലീസിനോട് ആവശ്യപ്പെട്ടതായി അറിയാൻ സാധിച്ചു. ഈ തിരുമാനത്തെ സ്വാഗതം ചെയ്യുന്നു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നം രൂക്ഷമായതോടെ വിഷയത്തിൽ കേന്ദ്രം ഇടപെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാന മുഖ്യമന്ത്രിമാരുമായും ചർച്ച നടത്തിയിരുന്നു.വർഷങ്ങളായി ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച തർക്കം രൂക്ഷമായി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ 5 അസം പോലീസുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications