ബുള്‍ഡോസറില്‍ ചാടിക്കയറി ബോറിസ് ജോണ്‍സണ്‍; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നാളെ
അഹമ്മദാബാദ്: ഗുജറാത്തിലെ ബുള്‍ഡോസർ ഫാക്ടറി സന്ദർശനത്തിനിടെ ബുള്‍ഡോസറില്‍ ചാടിക്കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഗുജറാത്തിലെ പഞ്ച്മഹലിലെ ഹലോൽ ജിഐഡിസിയിലുള്ള ജെ സി ബി ഫാക്ടറി സന്ദർശിക്കുന്നതിനിടെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രവർത്തി. ബോറിസ് ജോണ്‍സണ്‍ ജെ ഡി ബിയില്‍ ചാടിക്കയറുന്ന വീഡിയോ നിമിഷ നേരം കൊണ്ട് ട്വിറ്ററിലുള്‍പ്പടെ വൈറലാവുകയും നെറ്റിസണ്‍സ് മികച്ച കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമായിരുന്നു ബോറിസ് ജോണ്‍സന്റെ ഫാക്ടറി സന്ദർശനം. വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തിയ ബോറിസ് ജോൺസൺ രാവിലെ വ്യവസായ പ്രമുഖൻ ഗൗതം അദാനിയെ സന്ദർശിച്ചിരുന്നു. "ഗുജറാത്ത് സന്ദർശിക്കുന്ന ആദ്യത്തെ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ അദാനി ആസ്ഥാനത്ത് ആതിഥേയത്വം വഹിച്ചതിൽ അഭിമാനമുണ്ട്'- അദാനി ട്വീറ്റ് ചെയ്തു.

അതേസമയം, വാർഷിക ഉഭയകക്ഷി വ്യാപാരം ശതകോടിക്കണക്കിന് പൗണ്ട് വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര വ്യാപാര കരാർ ഉറപ്പിക്കുന്നതിന് പകരമായി ഇന്ത്യക്കാർക്കായി കൂടുതൽ വിസകൾ നൽകാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. "പ്രതിഭാശാലികളായ ആളുകൾ രാജ്യത്തേക്ക് വരുന്നതിന് ഞാൻ എപ്പോഴും അനുകൂലമാണ്.'' എന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ മാധ്യമപ്രവർത്തകരോടായി പറഞ്ഞത്.
യൂറോപ്യൻ യൂണിയന്റെ പൊതു വ്യാപാര നയത്തിൽ നിന്ന് മുക്തമായി, ഇന്തോ-പസഫിക് മേഖലയ്ക്ക് ചുറ്റുമുള്ള അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് ഉറ്റുനോക്കുന്ന ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുമായി ഒരു വ്യാപാരക്കരാർ ഉണ്ടാക്കാനാണ് ബ്രിട്ടണ്‍ ശ്രമിക്കുന്നത്. മറുവശത്ത് ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ താമസിക്കാനും ജോലി ചെയ്യാനും കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. ഏതൊരു വ്യാപാര ഇടപാടും രാജ്യത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും നിയമങ്ങളിൽ ഇളവ് വരുത്തുന്നതിനും ഫീസ് കുറയ്ക്കുന്നതിനും വേണ്ടിയുള്ളതായിരിക്കും.
Recommended Video
ഇന്ത്യയും മുൻ കൊളോണിയൽ ശക്തിയായ ബ്രിട്ടനും തമ്മില്‍ ഇതിനോടകം തന്നെ ശക്തമായ വ്യാപാര ബന്ധം പങ്കിടുന്നുണ്ട്. നിലവില്‍ ഇന്ത്യൻ വംശജരായ ഒരു ദശലക്ഷത്തിലധികം ആളുകൾ ബ്രിട്ടനിൽ താമസിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഇന്ന് ഗുജറാത്തില്‍ തന്നെ തങ്ങുന്ന ബോറിസ് ജോണ്‍സണ്‍ സംസ്ഥാനത്തെ നിരവധി ബിസിനസ് തലവന്‍മാരുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതിന് ശേഷമാവും അദ്ദേഹം മടങ്ങുക.












Click it and Unblock the Notifications