വീട്ടമ്മയുടെ കൊലപാതകം; മകളുടെ സുഹൃത്ത് അറസ്റ്റില്‍
മുംബൈ: ബൊറിവിലിയില്‍ വീട്ടമ്മയെ സ്വന്തം വീട്ടില്‍ കൊലചെയ്യപ്പെട്ട രീതിയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ സുഹൃത്ത് അറസ്റ്റില്‍. മകള്‍ മാന്‍സിയുടെ സുഹൃത്ത് രാജേന്ദ്ര കരഞ്‌ജേക്ക(29)റിനെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതി തൊഴില്‍ രഹിതനാണ്. മോഷണശ്രമത്തിനിടെയാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പതിനേഴുകാരിയായ മാന്‍സിയുടെ അടുത്ത സുഹത്തായ രാജേന്ദ്ര ഇടയ്ക്കിടെ ബോറിവിലിയിലെ കൃഷ്ണ ക്ലാസിക് സൊസൈറ്റി ഫ് ളാറ്റില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. സംഭവ ദിവസം മോഷണം മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് രാജേന്ദ്ര ഫ് ളാറ്റിലെത്തിയത്. മാന്‍സി വീട്ടിലില്ലെന്നും മാനസിയുടെ അച്ഛന്‍ ജയപ്രകാശ് ഗണേശോത്സവത്തില്‍ പങ്കെടുക്കാനായി കൊങ്കണില്‍ പോയെന്നുമുള്ള വിവരം ലഭിച്ച രാജേന്ദ്ര മോഷണത്തിനായി ഫ് ളാറ്റിലെത്തി.

മാന്‍സിയുടെ അമ്മ സീമയുമായി അല്‍പസമയം സംസാരിച്ച ഇയാള്‍ വീട്ടമ്മയുടെ ശ്രദ്ധ തെറ്റിയ സമയം ബെഡ്‌റൂമില്‍ കയറി നക്‌ലേസും, രണ്ട് ബ്രേസ്‌ലെറ്റുകളും, കമ്മലുകളും, വളകളും, 95000 രൂപയും, മൊബൈല്‍ ഫോണും മോഷ്ടിച്ചു. എന്നാല്‍, ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നിയ സീമ കീശയിലുള്ള വസ്തു കാണണമെന്നാവശ്യപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബലപ്രയോഗത്തിനുശേഷം തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് സീമയെ കൊലപ്പെടുത്തിയതെന്ന് പ്രതി പിന്നീട് പോലീസിനോട് സമ്മതിച്ചു. ഫ് ളാറ്റില്‍ കൊല നടത്തിയത് പരിചയക്കാരാണെന്ന് പോലീസിന് ആദ്യം തന്നെ ഉറപ്പുണ്ടായിരുന്നു. സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, രാജേന്ദ്രയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കണ്ടുപിടിച്ചുമാണ് കൊലപാതകിയെ പോലീസ് പിടികൂടിയത്. വീട്ടില്‍ നിന്നും മോഷ്ടിച്ചെടുത്ത സ്വര്‍ണം വിറ്റ സ്ഥലം പ്രതി പോലീസിന് കാണിച്ചു കൊടുത്തു.












Click it and Unblock the Notifications