സംശയം, ടെക്കി ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി
ദില്ലി: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി പെട്ടിയിലാക്കി ഉപേക്ഷിച്ച യുവാവ് പോലീസ് പിടിയിലായി. ബിപിഒ എക്‌സിക്യുട്ടീവ് ആയ ഓം പ്രകാശ് ഭാട്ടി(25)യെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. മയൂര്‍ വിഹാര്‍ അക്ഷര്‍ഥാം റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നും ഇയാളുടെ ഭാര്യ നീതു ഗൗറിന്റെ(23) മൃതദേഹം പോലീസ് കണ്ടെടുത്തു.
ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവുമായി പിണങ്ങി ഈസ്റ്റ് ഡല്‍ഹിയിലെ സ്വന്തം വീട്ടിലാണ് നീതു താമസിച്ചിരുന്നത്. ശനിയാഴ്ച നീതുവിനെ കാണണമെന്ന് അഭ്യര്‍ത്ഥിച്ച് ഓം പ്രകാശ് ഫോണ്‍ ചെയ്തിരുന്നു. സര്‍പ്രൈസ് തരാനുണ്ടെന്നും ഷോപ്പിംഗ് നടത്താമെന്നും വാഗ്ദാനം ചെയ്തായിരുന്നു നീതുവിനെ സെക്ടര്‍ 18 മെട്രോ സ്‌റ്റേഷനിലേക്ക് ഓം പ്രകാശ് ക്ഷണിച്ചത്.

സ്റ്റേഷനിലെത്തിയ നീതുവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട ഓം പ്രകാശ് അവരെയും കൂട്ടി നോയിഡ് ലിങ്ക് റോഡിലേക്ക് പോവുകയും ആളൊഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തിയശേഷം നീതുവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കിയ ഓം പ്രകാശ് പിന്നീടത് മയൂര്‍ വിഹാര്‍ അക്ഷര്‍ഥാം റോഡിനരുകില്‍ ഉപേക്ഷിച്ചു.
പിന്നീട് നീതുവിന്റെ സഹോദരനെ ഫോണ്‍വിളിച്ച് നീതുവിനെ കാണുന്നില്ലെന്നും ഫോണ്‍ സ്വച്ച് ഓഫ് ആണെന്നും അറിയിച്ചു. തുടര്‍ന്ന് രാത്രിയോടെ ഓം പ്രകാശും നീതുവിന്റെ ബന്ധുക്കളും ചേര്‍ന്ന് പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നീതുവിനോട് വരാന്‍ അറിയിച്ചിട്ടും കണ്ടില്ലെന്നായിരുന്നു ഓം പ്രകാശ് പോലീസിനോടും പറഞ്ഞിരുന്നത്.
എന്നാല്‍ സംശയം തോന്നിയ പോലീസ് മെട്രോ സ്‌റ്റേഷനിലെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചതില്‍ നിന്നും ഇരുവരും സ്‌റ്റേഷനില്‍ നില്‍ക്കുന്നതായി കണ്ടെത്തി. ഇതോടെ, പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയാതിരുന്ന ഓം പ്രകാശ് സത്യം തുറന്നു പറയുകയായിരുന്നു. ഇയാളെ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡിസിപി അജയകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications