Viral Video- വല്ലാത്ത എന്‍ട്രിയായി പോയി; പുത്തന്‍ കാര്‍ ആദ്യമായി വീട്ടിലേക്ക്, പാഞ്ഞ് കയറിയത് ബൈക്കുകളിലേക്ക്
മുംബൈ: ഒരു കാര്‍ വാങ്ങിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമായിരിക്കും. എന്നാല്‍ കാര്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ അപകടത്തില്‍പ്പെട്ടാലോ. ആളപായം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും കാഴ്ചക്കാരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മുന്‍വശത്ത് മാലയിട്ട് അലങ്കരിച്ച പുതിയ കാര്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറ്റുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളില്‍ ഇടിച്ച് ഒരു വശത്തേക്ക് ചെരിയുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വ്യാഴാഴ്ച മുംബൈയിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റിലെ സി സി ടി വിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 'എന്തൊരു ഗംഭീര വരവ് വീട്ടിലേക്ക്?' എന്ന അടിക്കുറിപ്പോടെ സ്‌ക്യുഎന്‍ എല്‍ഡിആര്‍ വിനോദ് കുമാര്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
അപ്പാര്‍ട്ട്‌മെന്റിന്റെ പ്രധാന ഗേറ്റ് ഒരാള്‍ തള്ളി തുറക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷങ്ങള്‍ക്കകം, ഒരു പുതിയ ടാറ്റ നെക്സോണ്‍ കാര്‍ ഹെഡ്‌ലാംപ് തെളിയിച്ച് കൊണ്ട് ഗേറ്റ് കടന്നുവരുന്നതും കാണാം.
കാറിന്റെ ബോണറ്റില്‍ പുഷ്പഹാരവും അണിയിച്ചിരുന്നു. എന്നാല്‍ പൊടുന്നനെ കാര്‍ നിയന്ത്രണം വിട്ട് അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് മുകളിലേക്ക് പാഞ്ഞ് കയറുകയും ഒരു വശത്തേക്ക് അപകടമാം വിധം ചെരിയുകയുമായിരുന്നു.
വീഡിയോ ഇതിനോടകം 622,000-ലധികം പേര്‍ കാണുകയും 13,000-ലധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിലര്‍ വീഡിയോയെ തമാശരൂപേണയാണ് സമീപിച്ചിരിക്കുന്നത്. ''ഇത്രയും ആവേശകരമായ സ്വീകരണം ഇതുവരെ കണ്ടിട്ടില്ല,'' എന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ പറഞ്ഞത്.
എന്നാല്‍ മറ്റൊരാള്‍ അപകടം നടന്നത് എങ്ങനെ എന്ന് വിശദീകരിച്ചു. ബ്രേക്ക് അമര്‍ത്തി സ്റ്റിയറിംഗ് നേരെയാക്കുന്നതിനുപകരം, ഡ്രൈവര്‍ വെപ്രാളപ്പെട്ടു. സ്റ്റിയറിംഗ് മുറുകെ പിടിച്ച് ആക്‌സിലറേറ്റര്‍ അമര്‍ത്തി! മനസാന്നിധ്യമില്ല, എന്നായിരുന്നു അദ്ദേഹം കമന്റ് ചെയ്തത്.
അതേസമയം ആളപായമുണ്ടാക്കാത്തതില്‍ ചിലര്‍ ദൈവത്തോട് നന്ദി പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെയും അവയുടെ ഉടമകളുടെയും വിധി ദൗര്‍ഭാഗ്യകരമാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.












Click it and Unblock the Notifications