കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി
മുംബൈയിലെ ആര്‍സിഎഫ് പോലീസ് സ്‌റ്റേഷനിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
മുംബൈ: കൈക്കൂലി വാങ്ങുന്നത് പിടിക്കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. ഇതിനിടെ കൈക്കൂലി വാങ്ങിയ ഒരു പോലീസ് കോണ്‍സ്റ്റബിളെ അഴിവിരുദ്ധ സ്‌ക്വാഡ് പിടികൂടി. മുംബൈയിലെ ആര്‍സിഎഫ് പോലീസ് സ്‌റ്റേഷനിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
ആര്‍സിഎഫ് പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജേഷ് ചന്ദുര്‍ഗുഡെ, കോണ്‍സ്റ്റബിള്‍ എസ് മഹാദിക് എന്നിവരാണ് സ്‌റ്റേഷനില്‍ നിന്ന് ഓടിരക്ഷപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു കോണ്‍സ്റ്റബിളായ അത്വാല രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി. ഡിസംബര്‍ 30 വെള്ളിയാഴ്ച വൈകീട്ടാണ് ആര്‍സിഎഫ് സ്റ്റേഷനില്‍ ഒരു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയത്. ഒരു കേസില്‍ നിന്ന് അറസ്റ്റ് ഒഴിവാക്കാനായാണ് മുംബൈ സ്വദേശിയോട് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ചാണ് അഴിമതി വിരുദ്ധ സ്‌ക്വാഡ് സ്റ്റേഷനിലെത്തിയത്.

അഞ്ച് ലക്ഷം നല്‍കണം...
മുംബൈ സ്വദേശിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ അറസ്റ്റ് ഒഴിവാക്കാനാണ് ഇന്‍സ്‌പെക്ടര്‍ ചന്ദുര്‍ഗുഡെ, കോണ്‍സ്റ്റബിള്‍മാരായ മഹാദിക്, അത്വാല എന്നിവര്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി നല്‍കിയത്.

ഒടുവില്‍ ഒരു ലക്ഷം നല്‍കാമെന്ന് സമ്മതിച്ചു...
കൈക്കൂലിയായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഇത്രയും തുക തന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞ പരാതിക്കാരന്‍ ഒടുവില്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു.

വെള്ളിയാഴ്ച സ്റ്റേഷനിലെത്തി...
പോലീസുകാര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം ഇയാള്‍ അഴിമതി വിരുദ്ധ സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് ഇയാളോട് പണവുമായി വരാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടത്.

പോലീസുകാര്‍ക്ക് കൈമാറി...
പോലീസുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനില്‍ പണവുമായി എത്തിയപ്പോള്‍ കോണ്‍സ്റ്റബിള്‍ അത്വാലയ്ക്ക് പണം നല്‍കാനാണ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത്.

പണം വലിച്ചെറിഞ്ഞ് പോലീസുകാര്‍ ഇറങ്ങിയോടി...
കൈക്കൂലി നല്‍കുന്നതിനിടെ സ്റ്റേഷന് പുറത്ത് നില്‍ക്കുകയായിരുന്ന സ്‌ക്വാഡ് അംഗങ്ങള്‍ സ്റ്റേഷനിലേക്കെത്തി. ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട് പോലീസുകാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഒരാളെ പിടികൂടി
ഉദ്യോഗസ്ഥരെ കണ്ട ഇന്‍സ്‌പെക്ചര്‍ ചന്ദര്‍ഗുഡെയും മഹാദിക്കും ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. എന്നാല്‍ വാങ്ങിയ പണവും മൊബൈല്‍ ഫോണും വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച കോണ്‍സ്റ്റബിള്‍ അത്വാലയെ ഉദ്യോഗസ്ഥര്‍ പിടികൂടി.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല...
രക്ഷപ്പെട്ട പോലീസുകാര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും, കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാവില്ലെന്നുമാണ് അഴിമതി വിരുദ്ധ സ്‌ക്വാഡ് അറിയിച്ചത്.












Click it and Unblock the Notifications