24 കോടി കൈക്കൂലി; എഞ്ചിനീയര്‍ ഒളിപ്പിച്ചത് ബാത്ത് റൂമിലും കിടക്കയ്ക്കുള്ളിലും
കൊല്‍ക്കത്ത: ബില്‍ഡിങ് പ്ലാനുകള്‍ അംഗീകരിക്കുന്നതിനായി ഓരോരുത്തരില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലിയായി വാങ്ങിയ ഉദ്യോഗസ്ഥന്‍ ഒടുവില്‍ പിടിയിലായി. കൊല്‍ക്കത്തയിലെ ബാല്ലി മുനിസിപ്പാലിറ്റിയിലെ പ്രണബ് അധികാരി എന്ന സബ് അസിസ്റ്റന്റ് എഞ്ചിനീയറാണ് അന്വേഷണ ഉദ്യോസ്ഥരുടെ പരിശോധനയില്‍ പിടിയിലായത്.
ഏതാണ്ട് 24 കോടിയോളം രൂപ ഇതുവരെ ഇയാള്‍ കൈക്കൂലിയായി വാങ്ങിയിരുന്നായി അഴിമതി വിരുദ്ധ ബ്രാഞ്ച് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വീടിനുള്ളില്‍ വിവിധയിടങ്ങളിലായി പണം ഒളിപ്പിച്ചത് ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു. പണത്തിന്റെ ശേഖരം കണ്ട് ഞെട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞത്.

ഉപയോഗിക്കാത്ത ബാത്ത് റൂമിന്റെ ടൈലുകള്‍ക്കുള്ളില്‍, സെപ്റ്റിക് ടാങ്കില്‍, വാട്ടര്‍ ടാങ്കില്‍, കിടക്കയ്ക്ക് കീഴില്‍ എന്നിങ്ങനെ നേരിട്ട് പരിശോധന നടത്താന്‍ സാധ്യമല്ലാത്ത ഇടത്തൊക്കെ എഞ്ചിനീയര്‍ പണം ഒളിപ്പിച്ചുവച്ചിരുന്നു. ഓരോ സ്ഥലത്തുനിന്നും കെട്ടുകണക്കിന് കറന്‍സികളാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഇവ മാത്രം 20 കോടിയോളംരൂപവരും.
പണം കൂടാതെ, സ്വര്‍ണാഭരണങ്ങള്‍, പണം നിക്ഷേപിച്ചതിന്റെ രേഖകള്‍, സ്ഥലം വാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ എന്നിവയെല്ലാം എഞ്ചിനീയറുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ച എഞ്ചിനീയറുടെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന് ഒരു ബില്‍ഡര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണവും റെയ്ഡും. ഇത്രയും കാലം ഇയാള്‍ സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് കോടികള്‍ സമ്പാദിച്ചത് എങ്ങനെയെന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications