'ഞങ്ങള്‍ ആര്‍ക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്'; ബ്രിക്‌സില്‍ മോദി
ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വിദേശ പ്രതിനിധികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ബ്രിക്‌സ് കൂട്ടായ്മയുടെ ജനകേന്ദ്രീകൃത സമീപനത്തിനും അന്താരാഷ്ട്ര തലത്തിലുള്ള പരിഷ്‌കരണങ്ങളുടെ ആവശ്യകതയ്ക്കും ഊന്നല്‍ നല്‍കി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗം.
'നിങ്ങളെ എല്ലാവരെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് മുന്‍ഗണന നല്‍കുന്നതുമായ സമീപനമാണ് ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിയുടെ അടിസ്ഥാനം. കരുത്ത്, നൂതനാശയങ്ങള്‍, സഹകരണം, സുസ്ഥിരത എന്നിവയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കിയത്. ഈ മുന്‍ഗണനകളിലൂടെ, ബ്രിക്‌സ് അധ്യക്ഷപദവിയെ സാധാരണക്കാരുമായി ബന്ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തി,' മോദി പറഞ്ഞു.

ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവി വിജയകരമാക്കിയതിന് എല്ലാ പങ്കാളിത്ത രാജ്യങ്ങളോടും പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി. ആഗോളതലത്തില്‍ ഈ കൂട്ടായ്മ തനതായൊരു വ്യക്തിത്വം സ്ഥാപിച്ചുകഴിഞ്ഞുവെന്നും, കൈവരിച്ച സമവായത്തെ പ്രായോഗിക ഫലങ്ങളാക്കി മാറ്റേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംഗരാജ്യങ്ങള്‍ പരസ്പരം കാഴ്ചപ്പാടുകളെ മാനിക്കുകയും സമവായത്തിലൂടെ മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഞങ്ങള്‍ ആര്‍ക്കും എതിരല്ല, മറിച്ച് എല്ലാവരെയും ഒപ്പം കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്,' അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. അടുത്ത 20 വര്‍ഷത്തേക്ക് അധികാരത്തിന്റെയും പ്രത്യേക പദവികളുടെയും പിരമിഡ് എന്ന ഘടനയെ പങ്കാളിത്തത്തിനുള്ള ഒരു വേദിയാക്കി മാറ്റേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, ആഗോള ഭരണസംവിധാനത്തില്‍ പരിഷ്‌കരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂട്ടായ്മയുടെ എല്ലാ സംരംഭങ്ങളെയും ഫലങ്ങളെയും തുടര്‍നടപടികളിലൂടെ വിലയിരുത്താന്‍ സഹായിക്കുന്ന ഒരു 'ബ്രിക്‌സ് തുടര്‍ച്ച-നടപ്പാക്കല്‍ സംവിധാനം' അദ്ദേഹം നിര്‍ദ്ദേശിച്ചു. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളുടെ വേഗതയും ചലനാത്മകതയും നിലച്ചുപോകാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, 'ഗ്ലോബല്‍ സൗത്ത്' (വികസ്വര-അവികസിത രാജ്യങ്ങളുടെ കൂട്ടായ്മ) പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു.
അതിനിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ പരിഷ്‌കരണ നടപടികള്‍ ഇനി വൈകിപ്പിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള കരട് രേഖയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ക്ക് കൃത്യമായ സമയക്രമവും വ്യക്തമായ ഫലങ്ങളും നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ വ്യവസ്ഥ അധികാരവും തീരുമാനമെടുക്കാനുള്ള അവകാശവും ഉന്നതതലത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി, ആഗോള ഭരണസംവിധാനത്തില്‍ പരിഷ്‌കരണം കൊണ്ടുവരാന്‍ ബ്രിക്‌സ് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.





Click it and Unblock the Notifications
