മണ്ഡപത്തിലെത്താതെ വരന്‍ മുങ്ങി, ചേസ് ചെയ്ത് പിടിച്ച് തിരികെ കൊണ്ടുവന്ന് വധു..!!
ലഖ്‌നൗ: ക്വീന്‍ എന്ന സിനിമയില്‍ കങ്കണ റണാവത്ത് അവതരിപ്പിച്ചത് ഭര്‍ത്താവ് വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം ഒറ്റയ്ക്ക് ഹണിമൂണ്‍ പോകുന്ന കഥാപാത്രത്തെ ആയിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിലെ വധു അങ്ങനെ ഭര്‍ത്താവില്ലാതെ ഹണിമൂണ്‍ പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ തന്നെ വിവാഹത്തില്‍ നിന്ന് പിന്മാറിയ വരനെ തേടി പിടിച്ച് തിരിച്ചുകൊണ്ടു വന്നിരിക്കുകയാണ് ഈ യുവതി.
ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ആണ് സംഭവം. വിവാഹത്തില്‍ നിന്ന് ഒളിച്ചോടിയ വരനെ 20 കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടിച്ചാണ് വധു തിരികെ മണ്ഡപത്തിലേക്ക് എത്തിയത്. ബരാബങ്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബരാദാരി പ്രദേശത്തായിരുന്നു സിനിമയെ വെല്ലുന്ന സംഭവം. ബദൗണ്‍ ജില്ലക്കാരനായ യുവാവുമായി യുവതി രണ്ടര വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു.

വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നെങ്കിലും നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരുടേയും വിവാഹം നടത്തി കൊടുക്കാം എന്ന് തീരുമാനിച്ചു. ഒടുവില്‍ വിവാഹത്തിനുള്ള തീയതി നിശ്ചയിച്ചു. ഇത് പ്രകാരം ഇരുവരുടെയും വിവാഹം ഞായറാഴ്ച ഭൂതേശ്വര്‍ നാഥ് ക്ഷേത്രത്തില്‍ വെച്ച് നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ദിവസം ഏറെ നേരം കഴിഞ്ഞിട്ടും വരന്‍ മണ്ഡപത്തില്‍ എത്തിയില്ല.
വിവാഹത്തിനായി ഒരുങ്ങി നിന്ന വധു ഇതോടെ വരനെ ഫോണില്‍ ബന്ധപ്പെട്ടു. അമ്മയെ കൂട്ടാന്‍ ബദൗണിലേക്ക് പോകുകയാണ് എന്നാണ് വരന്‍ അപ്പോള്‍ മറുപടി പറഞ്ഞത്. പന്തികേട് തോന്നിയ വധു ഒട്ടും അമാന്തിക്കാതെ മണ്ഡപത്തില്‍ നിന്നിറങ്ങി. പ്രതിശ്രുത വരനെ തേടിപ്പിടിക്കുകയായിരുന്നു ലക്ഷ്യം. ബറേലിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഭീമോര പോലീസ് സ്റ്റേഷന് സമീപം ബസില്‍ കയറുന്നതിനിടെ വധു വരനെ കൈയോടെ പൊക്കി.
വിവാഹത്തില്‍ നിന്ന് ഒളിച്ചോടുകയാണ് എന്ന് മനസിലാക്കിയ വധു, വരനുമായി ചൂടേറിയ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. നടുറോഡില്‍ വെച്ചായിരുന്നു ഈ സംഭവം. ഇതിനിടെ നാട്ടുകാരും ഇരുകൂട്ടരുടേയും ബന്ധുക്കളും സ്ഥലത്തെത്തി. വരനില്ലാതെ താന്‍ മടങ്ങി പോകില്ലെന്ന് വധു ശഠിച്ചു. ഇതോടെ വരന് ഗത്യന്തരമില്ലാതെ തിരികെ വരേണ്ടി വന്നു. പിന്നാലെ ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ ഭീമോര ക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടന്നു. അതേസമയം വരന്‍ ഏങ്ങോട്ടായിരുന്നു പോകാനിരുന്നത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല.












Click it and Unblock the Notifications