ഗുജറാത്തിൽ പാലം തകർന്നു; വാഹനങ്ങൾ നദിയിലേക്ക് വീണ് 9 മരണം
ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് വീണ് 9 മരണം. വഡോദര-അനന്ദ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകർന്നത്. ഇതോടെ പാലത്തിലൂടെ പോകുകയായിരുന്ന വാഹനങ്ങൾ മഹിസാഗർ നദിയിലേക്ക് വീണാണ് ആളുകൾ മരിച്ചത്. അപകടത്തിൽ പെട്ട ചിലരെ രക്ഷിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ സ്ലാബ് തകർന്ന് പോകുകയായിരുന്നു. രണ്ട് ട്രക്കുകളും വാനുകളും ഉൾപ്പെടെ 5 വാഹനങ്ങളാണ് നദിയിലേക്ക് വീണതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് തൊട്ട് പിന്നാലെ തന്നെ അഗ്നിശമന സേനയും പ്രാദേശികരും ദുരന്തനിരവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകളോളം നീണ്ട തിരിച്ചിലിനൊടുവിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞു.

1985 ലാണ് ഗംഭിറ പാലം ഉദ്ഘാടനം ചെയ്തത്. 900 മീറ്റർ ആണ് പാലത്തിന്റെ നീളം. സൗരാഷ്ട്ര-വഡോദര മേഖലകളെ ബന്ധിക്കുന്ന പ്രധാന പാലം കൂടിയാണിത്. പാലത്തിന് ആകെ 23 തൂണുകൾ ഉണ്ട്. തിരക്ക് കൂടുതൽ ഉള്ള പാലമാണിത്. പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് 2017 ൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് അവസാനമായി പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്.
അതേസമയം അപകടത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ഋഷികേഷ് അറിയിച്ചു. സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സാങ്കേതിക വിദഗ്ധർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാലത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, മൂന്ന് മാസം മുമ്പ് 212 കോടി രൂപയുടെ പുതിയ പാലത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരുന്നു. പുതിയ പാലത്തിന്റെ രൂപകൽപ്പനയും ടെൻഡർ നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
#WATCH | Vadodara, Gujarat | The Gambhira bridge on the Mahisagar river, connecting Vadodara and Anand, collapses in Padra; local administration present at the spot. pic.twitter.com/7JlI2PQJJk
— ANI (@ANI) July 9, 2025












Click it and Unblock the Notifications