ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം, ഗുസ്തി താരങ്ങള്‍ക്കെതിരായ നടപടി തെറ്റ്; ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ
ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍. ബ്രിജ് ഭൂഷണിന് എതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെയും കുടുംബങ്ങളേയും പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് സ്വാതി മലിവാളിന്റെ പ്രതികരണം.
ജന്തര്‍മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ച വനിതാ ഗുസ്തിക്കാരെയും അവരുടെ കുടുംബങ്ങളെയും ഡല്‍ഹി പോലീസ് മര്‍ദ്ദിക്കുകയും ബലമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതില്‍ തങ്ങള്‍ക്ക് അഗാധമായ വേദനയുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറക്ക് അയച്ച കത്തില്‍ സ്വാതി മലിവാള്‍ പറഞ്ഞു. ബ്രിജ് ഭൂഷണിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ നിരവധി വനിതാ ഗുസ്തി താരങ്ങള്‍ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നാല്‍പ്പതോളം ക്രിമിനല്‍ കേസുള്ള പ്രതിക്കെതിരെ രണ്ട് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും സ്വാതി മലിവാള്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് പരാജയപ്പെട്ടു. ഇതാണ് ജന്തര്‍ മന്തറില്‍ കഴിഞ്ഞ ഒരു മാസമായി തുടരുന്ന പ്രതിഷേധത്തിന് വനിതാ ഗുസ്തിക്കാരെ നിര്‍ബന്ധിതരാക്കിയത് എന്നും അവര്‍ കത്തില്‍ പറഞ്ഞു.
'ഡല്‍ഹിയില്‍, ഓരോ ദിവസവും 6 ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നും സ്വാതി പറഞ്ഞു. ഓരോ കേസിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ നാളിതുവരെ അറസ്റ്റ് ചെയ്യാത്തത് എന്നും അവര്‍ ചോദിച്ചു. ഇത് നഗ്‌നമായ അനീതിയല്ലാതെ മറ്റൊന്നുമല്ല. ഡല്‍ഹി പൊലീസിന്റെ ഈ പക്ഷപാതപരമായ മനോഭാവം നീതിയെ പരിഹസിക്കുന്നതാണ്.
മാത്രമല്ല, ഞായറാഴ്ച വനിതാ ഗുസ്തിക്കാരെ ഡല്‍ഹി പൊലീസ് കൈയേറ്റം ചെയ്യുകയും ബലം പ്രയോഗിച്ച് തടങ്കലില്‍ വെക്കുകയും ചെയ്തു എന്നും സ്വാതി മലിവാള്‍ പറഞ്ഞു. ഇതിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനമായ വനിതകളെ തെരുവില്‍ വലിച്ചിഴച്ചത് പൊലീസ് സേനയ്ക്ക് യോജിച്ചതല്ല എന്നും അവര്‍ പറഞ്ഞു.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീതാ ഫോഗട്ട് എന്നിവരെല്ലാം ഈ രാജ്യത്തിന്റെ ചാമ്പ്യന്മാരാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ ഫോറങ്ങളില്‍ അവര്‍ രാജ്യത്തിന് ബഹുമതികള്‍ നേടിയിട്ടുണ്ട് എന്നും സ്വാതി പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് അവര്‍ക്ക് നീതി നിഷേധിക്കുകയും ബലമായി തടങ്കലില്‍ വെക്കുകയും ചെയ്യുന്നതിലൂടെ ഡല്‍ഹി പൊലീസ് ഈ രാജ്യത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും നിരാശപ്പെടുത്തുകയാണ് എന്നും സ്വാതി മലിവാള്‍ പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും വനിതാ ഗുസ്തി താരങ്ങളെയും അവരുടെ കുടുംബങ്ങളെയും ഡല്‍ഹി പോലീസ് ഉടന്‍ വിട്ടയക്കണമെന്നും മലിവാള്‍ കത്തില്‍ ആവശ്യപ്പെട്ടു. ഇവരെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications