ബ്രിജ് ഭൂഷൺ ശരൺ സിംഗിൻ്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് 2 മരണം: ഒരാളുടെ നില ഗുരുതരം
ലഖ്‌നൗ: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ഉത്തർപ്രദേശിലെ പ്രമുഖ ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിൻ്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബ്രിജ് ഭൂഷൺ ശരൺ സിംഗിൻ്റെ മകനും കൈസർഗഞ്ച് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയുമായ കരൺ ഭൂഷൺ സിംഗിൻ്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട ടൊയോട്ട ഫോർച്യൂണർ ബൈക്ക് യാത്രികരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മരണപ്പെട്ടവരില്‍ ഒരാള്‍ 17 വയസ്സുകാരനാണ്.
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങൾ അപകടത്തില്‍പ്പെട്ട കാറിന്റെ പിൻവശത്തെ വിൻഡ്‌സ്‌ക്രീനിൽ "പോലീസ് എസ്കോർട്ട്" എന്ന് എഴുതിയിരിക്കുന്നത് കാണാം, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൻ്റെ കുടുംബം നടത്തുന്ന നന്ദിനി നഗർ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനമാണ് ഇത്.

'ഇന്ന് രാവിലെ 9 മണിയോടെ തൻ്റെ 17 വയസ്സുള്ള മകൻ റെഹാനും 24 വയസ്സുള്ള അനന്തരവൻ ഷഹ്‌സാദും മരുന്ന് വാങ്ങാൻ ബൈക്കിൽ പോകുമ്പോൾ എതിർവശത്ത് നിന്ന് അതിവേഗത്തിൽ വന്ന എസ്‌യുവി ഇടിക്കുകയായിരുന്നു' എന്നാണ് പരാതിക്കാരിയായ ചന്ദാ ബീഗം ഉദ്ധരിച്ച് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സമീപത്തുണ്ടായിരുന്നു സീതാദേവി എന്ന അറുപതുകാരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരകളുടെ കുടുംബാംഗങ്ങൾ നീതി ആവശ്യപ്പെട്ട് അപകടത്തെത്തുടർന്ന് വൻ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടിയെന്നും എഫ് ഐ ആറില്‍ പറയുന്നു.
ലൈംഗിക ആരോപണങ്ങള്‍ അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് തവണ എംപിയായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇത്തവണ ബി ജെ പി സീറ്റ് നല്‍കിയിരുന്നില്ല. ബ്രിജ് ഭൂഷണെ മാറ്റി നിർത്തിയെങ്കിലും മകന് സീറ്റ് നല്‍കികൊണ്ട് അദ്ദേഹത്തെ ബി ജെ പി പിണക്കാതെയും നിർത്തുകയായിരുന്നു.
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടേണ്ടി വന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഗുസ്തി താരങ്ങളുടെ ഭാഗത്തും നിന്നും ഉയർന്ന് വന്നത്. ഇതേ തുടർന്ന് അദ്ദേഹത്തെ ഫെഡറേഷന്റെ തലപ്പത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങൾ ഉള്‍പ്പെടേയുള്ളവരായിരുന്നു ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധം നയിച്ചത്.
ബ്രിജ് ഭൂഷണിനെതിരായ പരാതികളില്‍ ഡൽഹി കോടതി അടുത്തിടെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി ജെ പി അദ്ദേഹത്തെ മാറ്റാന്‍ നിർബന്ധിതനായത്. കൈസർഗഞ്ചില്‍ പകമായി വന്ന കരണും ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. ബ്രിജ് ഭൂഷണിന്റെ മറ്റൊരു മകൻ പ്രതീക് ഭൂഷൺ സിംഗ് ഗോണ്ടയിൽ നിന്നുള്ള ബി ജെ പി എം എൽ എയാണ്.












Click it and Unblock the Notifications