രാമക്ഷേത്ര ഉദ്ഘാടനത്തില്‍ ജെഡിഎസ് പങ്കെടുക്കും; സിപിഎം പങ്കെടുക്കില്ല, കോണ്‍ഗ്രസ് നിലപാട് എന്ത്?
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും ക്ഷണമുണ്ട്. ആരെല്ലാം പങ്കെടുക്കും, പങ്കെടുക്കില്ല എന്ന വിഷയം വലിയ ചര്‍ച്ചയാണ്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ നേരത്തെ പറഞ്ഞിരുന്നു. താനും കുടുംബവും പങ്കെടുക്കുമെന്ന് മകന്‍ എച്ച്ഡി കുമാരസ്വാമി ഇന്ന് വ്യക്തമാക്കി.
ജനുവരി 22നാണ് ക്ഷേത്രത്തിലെ മുഖ്യ ചടങ്ങ്. സിനിമാ താരങ്ങള്‍, സാംസ്‌കാരിക നായകര്‍, കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷണമുണ്ട്. ക്ഷേത്ര ട്രസ്റ്റുമായി ബന്ധമുള്ളവരാണ് നേരിട്ടെത്തി ക്ഷണിക്കുന്നത്. ആര്‍എസ്എസ് സമ്പര്‍ക്ക പ്രമുഖ് രാം ലാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് കുമാരസ്വാമിയെ ക്ഷണിക്കാനെത്തിയത്. ഉദ്ഘാടനത്തിന് അയോധ്യയിലെത്തുന്നതില്‍ അതിയായ സന്തോഷമേയുള്ളൂവെന്ന് കുമാരസ്വാമി പറഞ്ഞു.

അതേസമയം, സിപിഎം പ്രതിനിധി രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല. എന്തുകൊണ്ടാണ് ഈ തീരുമാനം എടുത്തത് എന്ന് മുതിര്‍ന്ന നേതാവ് വൃന്ദ കാരാട്ട് വിശദീകരിച്ചു. എല്ലാ മത വിശ്വാസങ്ങളെയും സിപിഎം ബഹുമാനിക്കുന്നു. എന്നാല്‍ രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. അത് ശരിയല്ലെന്നും ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ച് വൃന്ദ കാരാട്ട് പ്രതികരിച്ചു.
രാമന്‍ പഠിപ്പിച്ചതിന് നേര്‍ വിപരീതമാണ് ബിജെപി ചെയ്യുന്നതെന്ന് രാജ്യസഭാംഗം കപില്‍ സിബല്‍ പറഞ്ഞു. രാമന്‍ എന്റെ മനസിലുണ്ട്. അത് കാണിച്ചു നടക്കേണ്ട ആവശ്യം തനിക്കില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. അതേസമയം, സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പങ്കെടുക്കുമോ എന്ന് കോണ്‍ഗ്രസ് തന്നെ പറയട്ടേ എന്ന് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കോഴിക്കോട്ട് പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനത്തിന് എല്ലാവരെയും ക്ഷണിക്കുന്ന പരിപാടിക്ക് അയോധ്യയില്‍ തുടക്കമായി. രാമന്റെയും സീതയുടെയും വേഷത്തില്‍ അയോധ്യയിലെ എല്ലാ വീടുകളിലും കയറി കുട്ടികള്‍ ക്ഷണിച്ചു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ആര്‍എസ്എസും വിഎച്ച്പിയും സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളുമായും സഹകരിക്കാന്‍ ബിജെപി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അയോധ്യ അലങ്കരിക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അയോധ്യയിലെ പ്രധാന നാല് പാതകളും പൂക്കളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ചുവരികയാണ്. അതേസമയം, ക്ഷണം നിരസിച്ച സിപിഎം നടപടിക്കെതിരെ വിഎച്ച്പി രംഗത്തുവന്നു. സീതാറാം യെച്ചൂരിയുടെ പേരില്‍ പോലും രാമനുണ്ട്. രാമനെ യെച്ചൂരി വെറുക്കുന്നുണ്ടോ എന്നും വിഎച്ച്പി ചോദിച്ചു.












Click it and Unblock the Notifications