ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നത് സാധാരണ കാര്യമല്ലേ? കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത് കേരളത്തില്‍ സാധാരണമാണ് എന്ന് സുപ്രീം കോടതി. 1974 ലെ ഫോറിന്‍ എക്സ്ചേഞ്ച് ആന്റ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ലിംഗ് ആക്ടിവിറ്റീസ് ആക്ട് (കോഫെപോസ) പ്രകാരം അറസ്റ്റ് ചെയ്ത് തടവിലിട്ടയാളെ ഹൈക്കോടതി വെറുതെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പ്രതികരണം.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത് കേരളത്തിലെ ' സാധാരണ പ്രശ്‌നമാണ്' എന്നായിരുന്നു കോടതി വിശേഷിപ്പിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. പിടിയിലായ സിറാജിനെതിരെ നേരത്തെയും സ്വര്‍ണക്കടത്തിന് കേസുണ്ടായിരുന്നുവെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ''ഇത് കേരളവുമായി ബന്ധപ്പെട്ട ഒരു സാധാരണ പ്രശ്നമാണ്. സ്വര്‍ണം കൊണ്ടുവരുന്ന നിരവധി കേസുകളുണ്ട്. ആളുകള്‍ ഗള്‍ഫില്‍ പോകുന്നു. ദിര്‍ഹം സമ്പാദിക്കുന്നു. സ്വര്‍ണം വാങ്ങി മടങ്ങുന്നു,'' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. യു എ ഇയില്‍ നിന്ന് സ്വര്‍ണം കൊണ്ടവരുന്നത് കേരളത്തിലെ പൊതുസ്വഭാവമാണെന്ന് തോന്നുന്നതായും ബെഞ്ച് നിരീക്ഷിച്ചു.
മിക്കവാറും എല്ലാവരും സ്വര്‍ണ്ണം ധരിക്കുന്നത് കേരളത്തിലെ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമായാണ് കണക്കാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യ ഷഫീന സിറാജ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ യുവാവിന് ഹൈക്കോടതി ശിക്ഷയില്‍ ഇളവ് നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധിയില്‍ ഇടപെടാന്‍ സുപ്രീം കോടതി ബെഞ്ച് വിസമ്മതിച്ചു.
അതേസമയം കോഫെപോസ വിഷയത്തില്‍ കേന്ദ്രത്തിന്റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി കസ്റ്റംസ് നിയമപ്രകാരം സിറാജിനെതിരെ നിയമനടപടികള്‍ തുടരാന്‍ അനുമതി നല്‍കുകയും ചെയ്തു. കേരളത്തിലെ സ്വര്‍ണവിലയും യുഎഇയിലെ സ്വര്‍ണവിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇന്നലത്തെ വില പ്രകാരം കേരളത്തിലേതിനേക്കാള്‍ ഗ്രാമിന് 317.91 രൂപ കുറവാണ് യുഎഇയില്‍.
ഒരു പവനിലേക്ക് മാറ്റുമ്പോള്‍ 2543 രൂപയുടെ മാറ്റം വരും. യുഎഇയില്‍ നിന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ കേരളത്തില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 2500 രൂപയിലധികം ലാഭം ലഭിക്കും. മാത്രമല്ല യുഎഇയില്‍ ആഭരണത്തിന് പണിക്കൂലിയും കുറവാണ്. ഇതെല്ലാം കണക്കിലെടുത്ത് ആളുകള്‍ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങിക്കാറുണ്ട്. എന്നാല്‍ ഇതിനിടയില്‍ അനധികൃത സ്വര്‍ണക്കടത്തും നടക്കാറുണ്ട്.












Click it and Unblock the Notifications