ദില്ലിയില്‍ ചൂലിന്റെ വില കുതിച്ചുയര്‍ന്നു... 'ആപ്പ് ഇഫക്ട്'
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ ഒരു സാധനത്തിന് വില കുതിച്ച് കയറി എന്നാണ് റിപ്പോര്‍ട്ട്. എന്താണ് ആ സാധനം എന്നല്ലേ... ചൂല്!!!
ആപ്പിന്റെ ചിഹ്നം ചൂല്‍ ആണ്. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഇന്ത്യയെ ആകെ അടിച്ചുവാരി വൃത്തിയാക്കുക എന്നതാണല്ലോ ആം ആദ്മി പാര്‍ട്ടിയുടെ ഒരു ലക്ഷ്യം. അപ്പോള്‍ പിന്നെ പാര്‍ട്ടി ജയിച്ചാല്‍ ചൂലിന് വില കൂടില്ലേ എന്ന് പരഹിസിക്കാനൊന്നും നില്‍ക്കണ്ട.

പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ആവേശത്തിലായപ്പോള്‍ ചൂലിന് വിലകൂടി എന്നതാണ് സത്യം. പാര്‍ട്ടി ചിഹ്നമായ ചൂല് സ്വന്തമാക്കാന്‍ എല്ലാവരും നെട്ടോട്ടമാണ്. ഡിമാന്റ് കൂടുമ്പോള്‍ സപ്ലൈ കൂടിയില്ലെങ്കില്‍ വിലയും കൂടും.
നാല്‍പത് രൂപ മുതല്‍ അറുപത് രൂപ വരെ ആയിരുന്നു സാധാരണ ഗതിയില്‍ ചൂലിന്റെ വില. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ ഇത് നൂറ് രൂപക്ക് മുകളിലായി എന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ ഇത് 150 രൂപ വരെ ആയിട്ടുണ്ട്.
കടകളില്‍ ചൂലിന് വേണ്ടി ആവശ്യക്കാരുടെ നിരതന്നെയാണെന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ചൂലുകളെല്ലാം വിറ്റ് തീര്‍ന്നു. ഇതോടെ വിതരണക്കാരെ സമീപിച്ച് കൂടുതല്‍ ചൂലുകള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണത്രെ പല കട ഉടമകളും. എന്തായാലും സാധാരണക്കാര്‍ക്ക് ചിലപ്പോള്‍ ഇതൊരു തിരിച്ചടി ആയിട്ടുണ്ടാകാം. അത്യാവശ്യത്തിന് ഒരു ചൂല് വാങ്ങാന്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും!












Click it and Unblock the Notifications