ബിആർഎസിനെ ഞെട്ടിച്ച് കോണ്‍ഗ്രസ്: എംഎല്‍എസി കളം മാറുന്നു, കൂടെ മുന്‍ എംപിയും മുന്‍ മന്ത്രിയും
ഹൈദരാബാദ്: ഈ വർഷം അവസാനത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തെലങ്കാന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ആർ എസിന് (അന്ന് ടി ആർ എസ്) വലിയ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഇത്തവണ കോണ്‍ഗ്രസിനൊപ്പം ബി ജെ പിയും ശക്തമായ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്.
രേവന്ത് റെഡ്ഡിയെ പി സി സി അധ്യക്ഷനാക്കി ഏകദേശം ഒരു വർഷം മുമ്പ് തന്നെ കോണ്‍ഗ്രസ് തങ്ങളുടെ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തുടക്കത്തില്‍ രേവന്തിന്റെ പ്രവർത്തനത്തിനെതിരെ പാർട്ടിയില്‍ നിന്ന് തന്നെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിരുന്നെങ്കിലും ഇപ്പോള്‍ വിമത സ്വരം ഏറെക്കുറെ അടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം ഒടുവിലാണ് കോണ്‍ഗ്രസ് പാർട്ടിക്ക് ആവേശം പകർന്നുകൊണ്ട് ബി ആർ എസ് എംഎല്‍സി കോണ്‍ഗ്രസിലേക്ക് കൂടുമാറുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്.

ദക്ഷിണ തെലങ്കാനയിൽ നിന്നുള്ള ഒരു ബി ആർ എസ് എംഎൽസി അടുത്ത മാസം എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. പ്രാദേശിക അധികാരികളുടെ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം എൽ സി തന്റെ പഴയ പാർട്ടിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് ടിപിസിസി പ്രസിഡന്റ് എ രേവന്ത് റെഡ്ഡിയുമായും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച ചെയ്യുന്നതായി വൃത്തങ്ങൾ അറിയിക്കുന്നു.
കോൺഗ്രസിനെക്കുറിച്ചുള്ള തന്റെ മാറുന്ന വിശ്വസ്തതയെയും സാധ്യതകളെയും കുറിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എം എൽ സി ടിപിസിസി ജോയിംഗ് കമ്മിറ്റി ചെയർമാൻ കെ ജന റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ മകന് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന എംഎൽസി, ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു നേതാവായ മുൻ മന്ത്രിയുമായും ചർച്ച നടത്തിയതായും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, ടി പി സി സി അധ്യക്ഷൻ രേവന്ത് റെഡ്ഡിയും മുൻ മന്ത്രിയുമായി വിഷയം ചർച്ച ചെയ്തു, ഇതോടെ എംഎൽസിക്കും മകനും കോൺഗ്രസിൽ ചേരുന്നതിനുള്ള എല്ലാ തടസ്സങ്ങളും മാറിയെന്നാണ് സൂചന. എന്നാല്‍ മത്സരിക്കുന്നത് സംബന്ധിച്ച് നിലവില്‍ ഉറപ്പ് നല്‍കിയിട്ടില്ല. ഉപാധികള്‍ വെച്ചുകൊണ്ടുള്ള പാർട്ടി പ്രവേശനത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ഒരു മുൻ എംപിയും മുൻ മന്ത്രിയും ഉടൻ കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങളും തെലങ്കാനയുടെ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവരുമായി കോണ്‍ഗ്രസ് നേതൃത്വം ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പാർട്ടിയില്‍ ഇവരെ ഏത് തരത്തില്‍ ഉള്‍ക്കൊള്ളിക്കും എന്നത് സംബന്ധിച്ചുള്ള തീരുമാനത്തില്‍ എത്തിയാല്‍ പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ ഇവരും കോണ്‍ഗ്രസിന്റെ ഭാഗമാവും.












Click it and Unblock the Notifications