'യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കുടുംബ രാഷ്ട്രീയമല്ല': അമിത് ഷാ
ബെംഗളൂരു: കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് അമിത് ഷായുടെ പ്രതികരണം. ന്യൂസ് 18 കന്നടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
''യെഡിയൂരപ്പ ഇപ്പോള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ല. എന്താണ് കുടുംബ രാഷ്ട്രീയത്തിന്റെ അര്‍ത്ഥം? പാര്‍ട്ടിയുടെ നേതൃത്വം ഒരു കുടുംബം കയ്യാളുന്നതാണ് കുടുംബ രാഷ്ട്രീയം''. ജവഹര്‍ ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിങ്ങനെ കോണ്‍ഗ്രസിലെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് അമിത് ഷായുടെ വിമര്‍ശനം.

കോണ്‍ഗ്രസിനെ മാത്രമല്ല രാഷ്ട്രീയ ജനതാ ദളിനേയും സമാജ്വാദി പാര്‍ട്ടിയേയും അമിത് ഷാ വിമര്‍ശിച്ചു. ''മുലായം സിംഗ് യാദവിന്റെ പിന്തുടര്‍ച്ചാവകാശി മകന്‍ അഖിലേഷ് യാദവ് ആണ്. ലാലു പ്രസാദ് യാദവിന് ശേഷം മക്കള്‍ തേജ് പ്രതാപും തേജസ്വി യാദവും. ബാലാസാഹിബ് താക്കറെയ്ക്ക് ശേഷം ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും. ഇതാണ് കുടുംബാധിപത്യ രാഷ്ട്രീയം. ഒരു മകന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നത് കുടുംബ രാഷ്ട്രീയമല്ല'', ഷാ പറഞ്ഞു.
എല്‍കെ അദ്വാനി ബിജെപി അധ്യക്ഷനായിരുന്നു. അതിന് ശേഷം വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്ഗരി, താന്‍, തുടര്‍ന്ന് ജെപി നദ്ദ എന്നിവരാണ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നു. അദ്വാനി പ്രതിപക്ഷ നേതാവായിരുന്നു. പിന്നെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. ഇതില്‍ എവിടെയാണ് കുടുംബാധിപത്യ രാഷ്ട്രീയം, അമിത് ഷാ ചോദിച്ചു.












Click it and Unblock the Notifications