കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി; ലിസ്റ്റ് റെഡിയെന്ന് ഓഡിയോ... ഹോട്ടലില്‍ യോഗം ചേര്‍ന്ന് യെഡിയൂരപ്പ
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയമാറ്റത്തിന് ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ബിജെപി നേതാക്കളുടെ ചര്‍ച്ച പുറത്ത്. ബിഎസ് യെഡിയൂരപ്പയ്ക്ക് പകരം പുതിയ മുഖ്യമന്ത്രി കര്‍ണാടകയ്ക്ക് വൈകാതെ എത്തുമെന്ന് പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ നിന്ന് വ്യക്തമാകുന്നു. കര്‍ണാടകയിലെ നേതാക്കള്‍ക്ക് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ യാതൊരു പങ്കുമില്ല.
കേന്ദ്ര നേതൃത്വമാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. ഈ വിവരം പുറത്തുവന്ന പിന്നാലെ യെഡിയൂരപ്പ ബെംഗളൂരുവിലെ ഹോട്ടലില്‍ തന്റെ അനുകൂലികളുടെ യോഗം വിളിച്ചു. പ്രധാന നേതാക്കളെല്ലാം മന്ത്രിസഭയില്‍ നിന്ന് പുറത്താകുമെന്നാണ് മറ്റൊരു വിവരം. വിശദാംങ്ങള്‍ ഇങ്ങനെ...
സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കത്തീലിന്റേതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്. യെഡിയൂപ്പയെ മാറ്റുമ്പോള്‍ കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയാരാകും, മന്ത്രിസഭയിലെ മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായും സംസാരിക്കുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഈ ക്ലിപ്പ് പ്രചരിച്ചതോടെ യെഡിയൂരപ്പ വിഭാഗം ചര്‍ച്ചകള്‍ സജീവമാക്കി.

തുളു ഭാഷയിലാണ് കത്തീല്‍ ഓഡിയോയില്‍ സംസാരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നു പേരുകളാണ് പരിഗണിക്കുന്നതെന്ന് ഓഡിയോയില്‍ പറയുന്നു. ഇവരുടെ ചുരുക്ക പട്ടിക ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ കര്‍ണാടകയിലെ നേതാക്കള്‍ക്ക് യാതൊരു പങ്കുമില്ല. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും നേതാവ് മുഖ്യമന്ത്രിയായി എത്തുമെന്ന സംശയവും ഓഡിയോയില്‍ പങ്കുവെക്കുന്നു.

മന്ത്രിസഭയിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ഈശ്വരപ്പ, ഷെട്ടാര്‍ എന്നിവരും അവരെ പിന്തുണയ്ക്കുന്നവരും മന്ത്രിസഭയില്‍ നിന്ന് പുറത്താകും. പുതിയ ടീം ആയിരിക്കും ഇനി മന്ത്രിസഭയിലുണ്ടാകുക എന്നും കത്തീല്‍ പറയുന്നതും ക്ലിപ്പിലുണ്ട്. അതേസമയം, ക്ലിപ്പിലുള്ളത് തന്റെ വാക്കുകളല്ലെന്ന് കത്തീല്‍ പിന്നീട് വിശദീകരണം നല്‍കി.

ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് നിലവില്‍ കെഎസ് ഈശ്വരപ്പ. മുന്‍ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാല്‍ നിലവില്‍ വ്യവസായ മന്ത്രിയുമാണ്. ഇവരെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ബിജെപി നേതാക്കളും അണികളും കര്‍ണാടകത്തിലുണ്ട്. ഈ നേതാക്കളെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത് ബിജെപി നേരിടുന്ന അടുത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തുന്നു.

അതേസമയം, ക്ലിപ്പ് വ്യാജമാണ് എന്ന് കത്തീല്‍ പ്രസ്തവനയിറക്കി. സംഭവം മുഖ്യമന്ത്രി യെഡിയൂരപ്പ അന്വേഷണിക്കണമെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞാഴ്ച യെഡിയൂരപ്പയും മകനും ദില്ലിയിലെത്തി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിങ് തുടങ്ങി പ്രമുഖ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.

78കാരനായ യെഡിയൂരപ്പ ലിംഗായത്ത് സമുദായംഗമാണ്. ബിജെപിയുടെ പ്രധാന വോട്ട് ബാങ്കാണ് ഈ സമുദായം. യെഡിയൂരപ്പയെ പിണക്കിയാല്‍ കര്‍ണാടകത്തില്‍ ബിജെപി തകരുമെന്ന് കേന്ദ്ര നേതൃത്വത്തിന് ആശങ്കയുണ്ട്. തുടര്‍ന്നാണ് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നത്. മക്കള്‍ക്ക് പ്രധാന പദവി നല്‍കിയാല്‍ താന്‍ മുഖ്യമന്ത്രി പദം ഒഴിയാമെന്ന് യെഡിയൂരപ്പ പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

യെഡിയൂരപ്പ മുഖ്യമന്ത്രി പദം ഒഴിയുമെന്നും അദ്ദേഹത്തെ ആന്ധ്രയിലോ മറ്റോ ഗവര്‍ണറാക്കുമെന്നും വാര്‍ത്ത വന്നിരുന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തന്റെ കൂടി അഭിപ്രായം കേട്ട ശേഷമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടത്രെ. അതിനിടെയാണ് ഓഡിയോ ക്ലിപ്പ് പുറത്തായത്. ഇതിന് പിന്നാലെ ബെംഗളൂരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ യെഡിയൂരപ്പയും അനുകൂലികളും യോഗം ചേര്‍ന്നുവെന്നാണ് ഏറ്റവും ഒടുവിലെ വിവരം.
ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications