ബിജെപിയെ ഞെട്ടിച്ച് 'ഡികെ മാജിക്'; യെദ്യൂരപ്പയുടെ അനുയായി കോൺഗ്രസിൽ
ബെംഗളൂരു; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കർണാടകത്തിൽ ബി ജെ പിയെ ഞെട്ടിച്ച് കോൺഗ്രസ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അനുയായിയുമായ യു ബി ബനകറിനെ കോൺഗ്രസ് പാർട്ടിയിലെത്തിച്ചു. അധ്യക്ഷൻ ഡികെ ശിവകുമാർ ബനകറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.
കോൺഗ്രസ് ആളൊഴിഞ്ഞ വീടാണെന്നും ആരും അവിടേക്ക് കയറില്ലെന്നുമായിരുന്നു പലരും വിമർശിച്ചിരുന്നത്. എന്നാൽ ഇനിയും നിരവധി നേതാക്കൾ കോൺഗ്രസിൽ ഉടൻ ചേരും',ബനകറിന്റെ പാർട്ടി പ്രവേശനത്തിന് പിന്നാലെ ഡികെ ശിവകുമാർ പറഞ്ഞു. ബനകറിന്റെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയുടെ ജില്ലയായ ഹവേരിയിൽ നിന്നുള്ള നേതാവാണ് ബനകർ. ഈ മാസം ആദ്യം ബി ജെ പിയുടെ പ്രാഥമിക അംഗത്വം ബനകർ രാജിവെച്ചിരുന്നു. കർണാടക സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷന്റെ ചെയർപേഴ്‌സൺ, കർണാടക വീരശൈവ-ലിംഗായത്ത് വികസന കോർപ്പറേഷന്റെ ഡയറക്ടർ എന്നീ പദവികളും അദ്ദേഹം ഒഴിഞ്ഞിരുന്നു. വരും നിയമസഭ തിരഞ്ഞെടുപ്പിൽ മന്ത്രി ബി സി പട്ടേലിന്റെ മണ്ഡലമായ ഹിരകേരൂരിൽ നിന്നും ബനകർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

മുൻ കോൺഗ്രസ് നേതാവായ ബിസി പട്ടീലിനെ ബി ജെ പി സ്വീകരിച്ചത് മുതൽ നേതൃത്വവുമായി അകൽച്ചയിലായിരുന്നു ബനകൽ. വരും തിരഞ്ഞെടുപ്പിലും ഹിരകേരൂരിൽ നിന്നും പട്ടേൽ തന്നെയാകും ബി ജെ പിക്ക് വേണ്ടി മത്സരിച്ചേക്കുകയെന്ന വാർത്തകൾ വന്നതോടെ ബനകർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിൽ നിന്നും രണ്ട് തവണ ബനകർ വിജയിച്ചിട്ടുണ്ട്. 1994 ലും 2013 ലും. 2018 ൽ പാട്ടീലിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. പിന്നീട് ഓപ്പറേഷൻ താമരയിൽ പാട്ടീൽ ബി ജെ പിയിൽ എത്തുകയായിരുന്നു. 2018 ൽ അധികാര കൊതിയോടെയാണ് പാട്ടീൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ എത്തിയത്. കോൺഗ്രസിന് വേണ്ടി ഹിരേകരൂറിൽ താൻ വിജയിച്ച് കയറും, ബനകർ പറഞ്ഞു.

അതേസമയം ബനകറിനെ കൂടാതെ മുൻ ജെ ഡി എസ് എം എൽ എയായ എൻ ടി ബൊമ്മണ്ണയുടെ മകൻ ഡോ ശ്രീനിവാസ്, കല്ലികാർജ്ജുൻ റോണി എന്നീ നേതാക്കളും കോൺഗ്രസിൽ ചേർന്ന. എസ് ടി സമുദായാംഗമാണ് ശ്രീനിവാസ്. നേതാക്കളുടെ വരവ് കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നതും ഊർജ്ജം പകരുന്നതാണെന്നം ബി ജെ പിയുടെ പരാജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നം കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചു.












Click it and Unblock the Notifications