രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; ബിഎസ്എഫ് കണ്ടെത്തിയത് അപൂർവ്വയിനം ടോക്കെ ഗെക്കോ പല്ലികളെ
വംശനാശഭീഷണി നേരിടുന്ന അപൂർവ്വയിനം പല്ലികളായ ടോക്കെ ഗെക്കോയെ പിടികൂടി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്). പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂർ ജില്ലയിലെ നോർത്ത് ആഗ്ര ഗ്രാമത്തിൽ വെച്ചാണ് നോർത്ത് ബംഗാൾ അതിർത്തിയിലെ ബിഎസ്എഫ് സംഘം പല്ലികളെ സൂക്ഷിച്ചിരുന്ന പെട്ടി കണ്ടെത്തിയത്. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് സംഘം പരിശോധന നടത്തുകയായിരുന്നു.
റായ്ഗഞ്ച് സെക്ടർ 79 ബെറ്റാലിയൻ ബിഎസ്എഫ് സംഘത്തിന്റെ നേതൃത്വത്തിൽ ജൂൺ 26 നാണ് പരിശോധന നടത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള വേലിക്ക് സമീപം ആണ് പെട്ടികൾ കണ്ടെത്തിയത്. 10 ഇഞ്ച് നീളത്തിലുള്ള ടോക്കേ ഗെക്കോയാണ് പെട്ടിയിൽ ഉണ്ടായിരുന്നത്.

എന്താണ് ടോക്കെ ഗെക്കോ?
1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ I ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന സംരക്ഷിത ഇനങ്ങളിൽ പെട്ട പല്ലിയാണ് ടോക്കെ ഗെക്കോ. തിളക്കമുളള നിറത്തിലാണ് ഇവയെ കാണപ്പെടുന്നത്. രാത്രി കാലങ്ങളിലാണ് ഇവ സജീവമാകാറുള്ളത്. അന്ധവിശ്വാസവും ഔഷധമൂല്യമുണ്ടെന്ന തെറ്റിധാരണയും കാരണം ഇവയെ നിയമവിരുദ്ധമായി കടത്താറുണ്ട്. അതേസമയം പരിശോധനയിൽ കണ്ടെത്തിയ പല്ലികളെ ഉടൻ തന്നെ ബിഎസ്എഫ് സംഘം വനംവകുപ്പിന് കൈമാറി.
അതേസമയം വന്യമൃഗങ്ങളെ കടത്തുന്നത് മേഖലയിൽ ഒറ്റപ്പെട്ട സംഭവമല്ല. വടക്കൻ ബംഗാളിലും സമീപ അതിർത്തികളിലും ഇത് വ്യാപകമാണെന്നാണ് ബിഎസ്എഫ് ഡാറ്റകൾ വ്യക്തമാക്കുന്നത്. 2024 ജനുവരിക്കും 2025 മെയിനും ഇടയിൽ 400-ലധികം ആമകൾ, 200 സാൻഡ് ബോവ പാമ്പുകൾ, 279 പ്രാവുകൾ, 186 വിദേശ പക്ഷികൾ, ഒരു പുള്ളിപ്പുലി കുട്ടി എന്നിങ്ങനെ വിവിധയിനം വന്യജീവികളെ കടത്തുന്നത് ബിഎസ്എഫ് സംഘം പിടികൂടിയിട്ടുണ്ട്.
ഇന്ത്യൻ അതിർത്തിയിലെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റം തടയുന്നതിൽ മാത്രമല്ല രാജ്യത്തിന്റെ പാരിസ്ഥിതിക പൈതൃകം സംരക്ഷിക്കുകുന്നതിൽ ബിഎസ്എഫിന്റെ പ്രതിബദ്ധതയാണ് ഗെക്കോയുടെ കടത്ത് തടഞ്ഞതിലൂടെ അടിവരയിടുന്നത്.
അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന പൗരന്മാർ ജാഗ്രത പുലർത്തണമെന്നും വന്യജീവികളെ കടതുന്നതുൾപ്പെടെയുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരേയോ തങ്ങളേയോ അറിയിക്കണമെന്ന് ബിഎസ്എഫ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications