മണിപ്പൂരില്‍ യുവതിക്കെതിരെ ബിഎസ്എഫ് സൈനികന്റെ ലൈംഗികാതിക്രമം; സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: മണിപ്പൂരില്‍ യുവതിക്കെതിരെ ബിഎസ്എഫ് സൈനികന്‍ ലൈംഗികാതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു കടയുടെ ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ബിഎസ്എഫ് അറിയിച്ചു. സൈനികനെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു. ഈ കടയുടെ ഉള്ളിലുള്ള സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഈ വീഡിയോ പ്രചരിച്ചിരുന്നു. യൂണിഫോം ധരിച്ച്, കൈയ്യില്‍ തോക്കേന്തിയ ഒരു സൈനികനാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നത്. ഹെഡ് കോണ്‍സ്റ്റബിളായ സതീഷ് പ്രസാദാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞതായി ബിഎസ്എഫ് അറിയിച്ചു. ജൂലായ് ഇരുപതിന് ഇംഫാലിലാണ് സംഭവം നടന്നത്. തലസ്ഥാന നഗരിയിലെ ഒരു പെട്രോള്‍ പമ്പിന് സമീപത്തായുള്ള കടയിലായിരുന്നു സംഭവമെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു.

ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായും, കേസെടുത്തതായും സീനിയര്‍ ഓഫീസര്‍ പറഞ്ഞു. ആരോപണവിധേയനായ സൈനികനെതിരെ ആഭ്യന്തര അന്വേഷണം ബിഎസ്എഫ് ആരംഭിചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുമുണ്ട്. നിലവില്‍ സൈനികന്‍ കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികളാണ് നടക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ എന്താണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നേരത്തെ തോബല്‍ ജില്ലയില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വലിയ വിവാദമായിരുന്നു. രാജ്യമൊട്ടാകെ പ്രതിഷേധങ്ങളും അതിന്റെ പേരില്‍ അരങ്ങേറി കൊണ്ടിരിക്കുകയാണ്. ഈ കേസില്‍ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്. ഈ സംഭവത്തിലെ ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇവരുടെ ഒളിസങ്കേതങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ ങ്ങളില്‍ പല കേസുകളും മുന്നോട്ട് പോകുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കേസില്‍ പുരോഗതിയുണ്ടാവുന്നില്ല. ഇരകളായവരില്‍ ഭൂരിഭാഗവും, അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. ഇവര്‍ വന്നാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ എന്നും പോലീസ് വ്യക്തമമാക്കി. അതേസമയം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
മ്യാന്മറില്‍ യുവതിയെ ആയുധധാരികള്‍ വധിക്കുന്നതിന്റെ വീഡിയോ, നേരത്തെ മണിപ്പൂരിലേത് ആണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിലൂടെ കലാപം ആളിക്കത്തിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ പോലീസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. വീഡിയോ പ്രചരിപ്പിച്ചവരുടെ ഐപി അഡ്രസാണ് പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications