ഗംഗയിലൂടെ ബിഎസ്എഫ് വനിത സംഘത്തിന്റെ 2,325 കിമി റിവർ റാഫ്റ്റിംഗ്; ലക്ഷ്യം ഗംഗ ശുചീകരണവും സ്ത്രീ ശാക്തീകരണവും
ചരിത്രത്തിലാദ്യമായി 2,325 കിലോമീറ്റർ റിവർ റാഫ്റ്റിംഗ് നടത്താൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ (ബിഎസ്എഫ്) വനിത സംഘം. ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്ന് പശ്ചിമബംഗാളിലെ ഗംഗാ സാഗറിലേക്കാണ് സംഘം റാഫ്റ്റിംഗ് നടത്തുന്നത്. നവംബർ 2 നാണ് 53 ദിവസം നീണ്ട് നിൽക്കുന്ന യാത്രയ്ക്ക് തുടക്കം കുറിക്കുക.
ഗംഗ നദിയുടെ ശുചീകരിക്കേണ്ട പ്രാധാന്യത്തെ കുറിച്ചും സ്ത്രീശാക്തീകരണത്തെ കുറിച്ചും അവബോധം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വനിത സംഘം യാത്ര നടത്തുന്നത്. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലൂടെയാകും യാത്ര കടന്ന് പോകുക. ഡിസംബർ 24 ഓടെ റാഫ്റ്റിംഗ് സംഘം ഗംഗാ സാഗറിലെത്തും.

ഗംഗോത്രിയിൽ നിന്ന് ഉത്തരാഖണ്ഡിലെ ദേവപ്രയാഗിലേക്കാണ് ആദ്യം യാത്ര പോകുക. ഇവിടെ ദേവപ്രയാഗ് ഘട്ടിൽ ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ രാജാ ബാബു സിംഗ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നവംബർ 4 ന് സംഘം ഹരിദ്വാറിലെത്തും. ഇവിടെ കേന്ദ്രമന്ത്രി സി ആർ പാട്ടീലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചേർന്ന് യാത്രാ സംഘത്തെ സ്വീകരിക്കും. ഹരിദ്വാറിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് ചണ്ഡി ഘട്ടിൽ ബിഎസ്എഫ് ബ്രാസ് ബാന്റിന്റെ നേതൃത്വത്തിലും സംഘത്തിന് സ്വീകരണം ഒരുക്കും.
60 അംഗ ബിഎസ്എഫ് ടീമിൽ 20 വനിതാ റാഫ്റ്റർമാരാണ് ഉള്ളത്. ഗംഗ നദിയുടെ ആത്മീയവും സാംസ്കാരികവുമായ പ്രധാന്യത്തെ ഉയർത്തിക്കാട്ടുന്നതിനോടൊപ്പം തന്നെ സമൂഹത്തിലെ സ്ത്രീകളുടെ പങ്കിനെ ഊന്നിപ്പറയുകയും കൂടിയാണ് യാത്രയിലൂടെ സംഘം ലക്ഷ്യം വെയ്ക്കുന്നത്.
ഗംഗാ ശുചീകരണവും സ്ത്രീ ശാക്തീകരണവും
റാഫ്റ്റിംഗിനിടെ തീരദേശങ്ങളിലെ ജനങ്ങളുമായി സംഘം സംവദിക്കും. നവംബർ 9 ന് ഇത്തരത്തിൽ ബുലന്ദ്ശഹറിൽ അവിടുത്തെ പ്രാദേശികരായ ആളുകളുമായി സംവദിക്കാൻ പ്രത്യേക പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള ഇടപെടലുകളിലൂടെ ഗംഗ ശുചീകരണത്തിന്റെ പ്രധാന്യത്തെ കുറിച്ചും പാരിസ്ഥിതിക സംരക്ഷണത്തെ കുറിച്ചും സമൂഹം രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്കിനെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
യാത്രയിലുടനീളം പരിപാടികൾ
ഗംഗാ ആരതി സംഘടിപ്പികും
പ്രഭാത് ഫേരി: ശുചിത്വത്തെ കുറിച്ച് അവബോധം നൽകുന്നതിനും പ്രദേശിക പങ്കാളിത്തം വർധിപ്പിക്കാനുംള്ള ലക്ഷ്യമിട്ടുള്ള പരിപാടി
ബജനകളും സ്വീകരണ പരിപാടികളും: സംഘത്തിനെ പ്രചോദിപ്പിക്കാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ളവ
സമാപനം ഡിസംബറിൽ ഗംഗാ സാഗറിൽ
കരുത്തുറ്റ ഇന്ത്യയ്ക്കൊപ്പം ശുദ്ധവും സമൃദ്ധവുമായ ഗംഗ എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ബിഎസ്എഫ് യാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഗംഗയുടെ ശുചീകരണം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മറിച്ച് ശുദ്ധീകരിക്കപ്പെട്ട, ശാക്തീകരിക്കപ്പെട്ട ഒരു രാജ്യത്ത് സ്ത്രീകളുടെ പങ്കിനെ ഉയർത്തിക്കാട്ടാനും രാജ്യത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനുമായി സ്ത്രീകളുടെ സംഭാവനകളെ ഊന്നിപറയാനും ലക്ഷ്യമിട്ടുള്ളതാണ് യാത്ര.












Click it and Unblock the Notifications